Connect with us

National

പ്രമുഖരുടെ ജനവിധി ഇന്ന്; അഞ്ചാംഘട്ടം ബി ജെ പിക്ക് അഗ്‌നിപരീക്ഷ

യു പിയിലെ ചില പ്രചാരണ സമ്മേളനങ്ങളിൽ ജനങ്ങളുടെ ബാഹുല്യം കാരണം അഖിലേഷ് യാദവിനും രാഹുൽ ഗാന്ധിക്കും പ്രസംഗിക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നത് ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന സ്വീകാര്യതയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

Published

|

Last Updated

ലക്നോ | 49 മണ്ഡലങ്ങളിലേക്ക് നടക്കുന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ ബി ജെ പി ക്യാമ്പിന് നെഞ്ചിടിപ്പ് കൂടുതലാണ്. 2019 ൽ 32 സീറ്റുകളിലും ബി ജെ പിയാണ് ജയിച്ചത്. ഇത്തവണ ആ വിജയം ആവർത്തിക്കേണ്ടത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്. ഉത്തർ പ്രദേശിലടക്കം രാഷ്ട്രീയ കാറ്റ് മാറിവീശുന്നതും ഇന്ത്യ മുന്നണി നേതാക്കൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയും ബി ജെ പിയെ കുഴക്കുന്നുണ്ട്. യു പിയിലെ ചില പ്രചാരണ സമ്മേളനങ്ങളിൽ ജനങ്ങളുടെ ബാഹുല്യം കാരണം അഖിലേഷ് യാദവിനും രാഹുൽ ഗാന്ധിക്കും പ്രസംഗിക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നത് ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന സ്വീകാര്യതയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

രാജ്‌നാഥ് സിംഗും സ്മൃതി ഇറാനിയും ഉൾപ്പടെ ബി ജെ പി പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ജനവിധി ഇന്നാണ്. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും ഇന്നാണ് വോട്ടെടുപ്പ്. ദിനേശ് പ്രതാപ് സിംഗാണ് ഇവിടെ ബി ജെ പി സ്ഥാനാർഥി. 2.68 കോടി വോട്ടർമാരാണ് ഇവിടെ ജനവിധി നിർണയിക്കുന്നത്.

ലക്‌നോവിൽ എൻ ഡി എ സ്ഥാനാർഥിയും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗും എസ് പിയുടെ രവിദാസ് മെഹ്‌റോത്രയും ബി എസ് പിയുടെ സർവാർ മാലികും തമ്മിലാണ് മത്സരം. ലക്‌നോവിൽ രാജ്‌നാഥ് സിംഗിന്റെ നാലാം ഊഴമാണ്. അമേഠിയിൽ സിറ്റിംഗ് എം പി സ്മൃതി ഇറാനിയുടെ എതിരാളി ഇന്ത്യ മുന്നണി സ്ഥാനാർഥി കെ എൽ ശർമയും ബി എസ് പിയുടെ നാൻഹെ സിംഗ് ചൗഹാനുമാണ്. മോഹൻലാൽഗഞ്ചിൽ ബി ജെ പിയുടെ കൗശൽ കിഷോറും എസ് പിയുടെയും ആർ കെ ചൗധരിയും തമ്മിലാണ് പോരാട്ടം. എൻ ഡി എയുടെ സാധ്വി നിരഞ്ജൻ ജ്യോതി മത്സരിക്കുന്ന ഫത്തേപൂരിൽ എസ് പിയുടെ നരേഷ് ചന്ദ്ര ഉത്തം പട്ടേലാണ് എതിരാളി. അഞ്ചാംഘട്ടത്തിൽ 144 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബരാബങ്കി സീറ്റിലും കൈസർഗഞ്ചിലും ബി ജെ പി പുതുമുഖങ്ങളെയാണ് കളത്തിലിറക്കിയത്. കൂടാതെ 11 സിറ്റിംഗ് എം പിമാർക്കും സീറ്റ് നൽകി. അമേഠിയിലും ബരാബങ്കിയിലും റായ്ബറേലിയും ആണ് കോൺഗ്രസ്സ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിൽ എസ് പി സ്ഥാനാർഥികളാണ് കളത്തിൽ. അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഹാട്രിക് ലക്ഷ്യമിട്ട് ഇറങ്ങുന്ന ബി ജെ പിയുടെ സിറ്റിംഗ് എംപി ലല്ലു സിംഗും അയോധ്യ ജില്ലയിലെ മിൽകിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എസ് പിയുടെ എം എൽ എ അവധേഷ് പ്രസാദും തമ്മിലാണ് മത്സരം.
ഹമീർപൂരിൽ മൂന്നാം തവണയും ബി ജെ പിയുടെ കുൻവർ പുഷ്‌പേന്ദ്ര സിംഗ് ചന്ദേലും എസ് പിയുടെ അജേന്ദ്ര സിംഗ് ലോധിയും തമ്മിലാണ് മത്സരം.എട്ട് സംസ്ഥാനങ്ങളിലായി 49 സീറ്റുകളാണ് ഇന്ന് ബൂത്തിലെത്തുക. ഇതോടെ 428 സീറ്റിൽ പോളിംഗ് പൂർത്തിയാവും. ബാക്കി 115 സീറ്റുകൾ മാത്രമായിരിക്കും ഇനി രണ്ട് ഘട്ടങ്ങളിലായി ഉണ്ടാവുക.