Connect with us

sudan fighting

ജനറൽമാർക്കിടയിലെ ജനത

ബുര്‍ഹാനും ഹംദാനുമായുള്ള തര്‍ക്കം ജനാധിപത്യവാദികളുടെ വിഷയമേ അല്ല. ജനാധിപത്യ പോരാട്ടത്തെ അപ്രസക്തമാക്കാനുള്ള തന്ത്രമാകാം ഇവര്‍ തമ്മിലുള്ള സായുധ പോരാട്ടം. ഈ യുദ്ധത്തില്‍ ആര് ജയിച്ചാലും സുഡാന്‍ ജനതക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് സിവിലിയന്‍ സര്‍ക്കാറാണ്. സൈന്യം ബാരക്കിലിരിക്കണമെന്നാണ് അവരുടെ ആവശ്യം.

Published

|

Last Updated

നാധിപത്യ ഭരണക്രമം കുറ്റം തീര്‍ന്ന രാഷ്ട്രീയ വ്യവസ്ഥയാണെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ല. നിരന്തരം തിരുത്തലുകളിലൂടെ കടന്ന് പോകുകയാണ് ജനാധിപത്യ സങ്കല്‍പ്പങ്ങള്‍. ജീവിതത്തിന്റെ ഉള്ളടക്കം ജനാധിപത്യവത്കരിക്കാനുള്ള ശ്രമം പൂര്‍ണ വിജയത്തിലെത്തുമ്പോള്‍ മാത്രമാണ് ഫാസിസ്റ്റ് ഘടകങ്ങള്‍ ഒട്ടുമില്ലാത്ത ജനായത്ത ഭരണക്രമം സാധ്യമാകുക. ജനാധിപത്യപരമായ കുടുംബം, തെരുവ്, പാഠശാലകള്‍, പണിശാലകള്‍. ജനാധിപത്യ മര്യാദ പുലര്‍ത്തുന്ന മനുഷ്യബന്ധങ്ങള്‍. എല്ലാം ഉണ്ടായി വരേണ്ടതുണ്ട്. ഈ പ്രക്രിയയുടെ പൂര്‍ണതയിലെത്താന്‍ ഒരു ദേശ രാഷ്ട്രത്തിനും സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, മിക്കവയും ഇന്ത്യയെപ്പോലെ പിന്നോട്ട് നടക്കുകയാണ്. അപ്പോള്‍ പിന്നെ ഇത്തരമൊരു ഭരണ സംവിധാനത്തിലേക്ക് ആദ്യചുവടുകള്‍ വെക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ എത്രമാത്രം ആശയക്കുഴപ്പത്തിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പാഴായ വിപ്ലവങ്ങള്‍

മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ആത്യന്തിക ഫലമെന്തായിരുന്നുവെന്ന് നോക്കിയാല്‍ ഇത് മനസ്സിലാകും. നിലവിലുള്ള ഭരണകര്‍ത്താവിനെ താഴെയിറക്കിയാല്‍ അടുത്ത ദിവസം മുതല്‍ ഉത്കൃഷ്ട ജനാധിപത്യം വരുമെന്ന് വ്യോമോഹിച്ച യുവാക്കളാണ് ഇവിടങ്ങളിലെല്ലാം തെരുവിലിറങ്ങിയത്. ഹുസ്‌നി മുബാറക്കും, സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും, മുഅമ്മര്‍ ഗദ്ദാഫിയും, അലി അബ്ദുല്ല സ്വലാഹുമൊക്കെ അധികാരഭ്രഷ്ടരായി എന്നതല്ലാതെ മുല്ലപ്പൂ വിപ്ലവത്തിന് “ജനങ്ങളുടെ ഭരണം’ കൊണ്ടു വരാന്‍ സാധിച്ചില്ല. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ താഴെയറക്കാന്‍ തഹ്‌രീര്‍ പ്രക്ഷോഭം നടന്നു. ഒടുവില്‍ ബ്രദര്‍ഹുഡിന്റെ കീഴിലുള്ള ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി അധികാരം പിടിച്ചു. പക്ഷേ, ജനജീവിതം ദുസ്സഹമായി തന്നെ തുടര്‍ന്നു. പ്രതിവിപ്ലവമുണ്ടായി. മുബാറക്കിന്റെ വലം കൈയായ ഫതാഹ് അല്‍ സീസിയാണ് ഇപ്പോള്‍ അവിടെ ഭരിക്കുന്നത്. ലിബിയയില്‍ പാശ്ചാത്യ പിന്തുണയോടെ നടന്ന സായുധ പ്രക്ഷോഭത്തിനൊടുവില്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്നു തള്ളി. ലോകത്തെ ഏറ്റവും അരാജകമായ ഇടമായി ഇന്ന് ലിബിയ അധഃപതിച്ചിരിക്കുന്നു. കരുത്തര്‍ വീണതിന്റെ അധികാര ശൂന്യതയിലേക്ക് പുതിയ അധികാര മോഹികള്‍ കടന്നുവന്നുവെന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല. വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇപ്പോള്‍ കാണുന്ന ആഭ്യന്തര സംഘര്‍ഷത്തെയും ഈ പശ്ചാത്തലത്തില്‍ വേണം വിശകലനം ചെയ്യാന്‍.

പലായനം

സുഡാനില്‍ ഉമര്‍ അല്‍ ബശീറിനെ താഴെയിറക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങി. പക്ഷേ, അധികാരം കൈവന്നത് സൈന്യത്തിനാണ്. സിവിലിയന്‍ സര്‍ക്കാറിന് അധികാരം കൈമാറാതെ മുടന്തന്‍ ന്യായം പറഞ്ഞിരിക്കുകയായിരുന്നു സൈന്യം. ഇപ്പോള്‍ സൈന്യത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റമുട്ടുകയാണ്. രാജ്യം സമ്പൂര്‍ണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. ആഫ്രിക്കയിലെ ഒന്നാം നമ്പര്‍ ശക്തിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്ന സുഡാന്‍ ആദ്യം വിഭജനവും ഇപ്പോള്‍ ആഭ്യന്തര യുദ്ധവും അനുഭവിക്കുന്നു. ജനങ്ങള്‍ പട്ടിണിയിലാണ്. വെടിനിര്‍ത്തല്‍ കാത്തു നില്‍ക്കാതെ ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമിടയിലൂടെ അവര്‍ പലായനം ചെയ്യുന്നു. അയല്‍ രാജ്യങ്ങളിലും സ്ഥിതി കഷ്ടമാണ്. സ്വന്തം നാടിനെ തകര്‍ക്കുന്ന മനുഷ്യ ബോംബുകളായി ഔദ്യോഗിക സൈനിക നേതൃത്വവും വിമത അര്‍ധ സൈനിക നേതൃത്വവും മാറിയിരിക്കുന്നു. എന്തിനോ വേണ്ടി ആയുധമെടുക്കുന്നു അവരുടെ ഭടന്‍മാര്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ ആ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചു കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്. നിയമവാഴ്ചയിലേക്ക് മടങ്ങാന്‍ അടുത്തൊന്നും ഈ ജനപഥത്തിന് സാധിക്കില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഓപറേഷന്‍ കാവേരിയടക്കമുള്ള രക്ഷാ ദൗത്യങ്ങള്‍.

1958ല്‍ സ്വതന്ത്രമായ ശേഷം നിരവധി അട്ടിമറികളിലൂടെ കടന്നുവന്ന സുഡാനില്‍ ഒടുവില്‍ ഉമര്‍ അല്‍ ബശീറും വീണു. അദ്ദേഹം അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് സുഡാനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ബശീര്‍ ഒഴിഞ്ഞപ്പോള്‍ സംഭവിച്ച അധികാര ശൂന്യതയില്‍ ആദ്യം സൈനിക- സിവിലിയന്‍ സംയുക്ത സംവിധാനവും പിന്നീട് സമ്പൂര്‍ണ സൈനിക ഭരണവുമാണ് സംഭവിച്ചത്. സിവിലിയന്‍ സര്‍ക്കാറിന് കൈമാറുന്നതിന് പകരം സൈനിക നേതാവ് ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ ബുര്‍ഹാന്‍ അധികാരം കൈയാളി. ഈ ദൗത്യത്തില്‍ എല്ലാ അര്‍ഥത്തിലും കൂടെ നിന്നയാളാണ് ഇപ്പോള്‍ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റാപിഡ് സപോര്‍ട്ട് ഫോഴ്‌സ് (ആര്‍ എസ് എഫ്)ആണ് സൈന്യത്തെ വെല്ലുവിളിക്കുന്നത്. ഈ രണ്ട് നേതാക്കള്‍ക്കും ദേശീയതയുടെയോ പ്രത്യയ ശാസ്ത്രത്തിന്റെയോ യാതൊരു അടിത്തറയുമില്ല. അധികാര മോഹം മാത്രമാണ് ഇവരെ നയിക്കുന്നത്.

ഉമര്‍ അല്‍ ബശീറിന്റെ സൃഷ്ടിയാണ് ആര്‍ എസ് എഫ്. അതൃപ്തരായ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയുന്നത് കണ്ടുപിടിക്കാനും അമര്‍ച്ച ചെയ്യാനും വേണ്ടിയാണ് ആ അര്‍ധ സൈനിക വിഭാഗം രൂപവത്കരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം ദര്‍ഫൂറില്‍ മാത്രമായിരുന്നു ഈ സംഘത്തിന് ആക്രമണ ദൗത്യമുണ്ടായിരുന്നത്. 2013ല്‍ ബശീര്‍ ഇവര്‍ക്ക് കൂടുതല്‍ ഔദ്യോഗിക സ്വഭാവം നല്‍കി. പിന്നെ, യമനിലും ലിബിയയിലുമൊക്കെ ഇവരെ ഉപയോഗിച്ചു. പക്ഷേ, പാല് കൊടുത്ത കൈക്ക് തന്നെ ഇവര്‍ കടിച്ചു. ബശീറിനെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ പ്രക്ഷോഭം അക്രമാസക്തമാക്കാനും ബശീര്‍ പടിയിറങ്ങുമെന്ന് ഉറപ്പാക്കാനും ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയും ജനറല്‍ ബുര്‍ഹാനും കൈകോര്‍ത്തു. 2019ല്‍ ബശീറിന്റെ പതനം സംഭവിച്ചതോടെ താത്കാലികമായി അധികാരം കൈയാളിയ ജനറല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സൈന്യം പക്ഷേ, അധികാരം വിട്ടൊഴിയാനോ ട്രാന്‍സിഷന്‍ സര്‍ക്കാറിന് അധികാരം കൈമാറാനോ തയ്യാറായില്ല. ഇത് പിന്നെയും പ്രക്ഷോഭത്തിന് വഴിവെച്ചു. സിവിലിയന്‍ നേതൃത്വവും സൈന്യവും തമ്മില്‍ അധികാരം പങ്കുവെക്കുന്ന ഒരു കരാര്‍ അതിനിടക്ക് ഒപ്പുവെച്ചെങ്കിലും അതില്‍ ജനറല്‍ ബുര്‍ഹാന്‍ ഉറച്ച് നിന്നില്ല. പ്രക്ഷോഭം ഒരു വശത്ത് തുടരുമ്പോള്‍ സൈന്യം കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നതാണ് പിന്നീട് കണ്ടത്.

മൂപ്പിളമ തര്‍ക്കം

അപ്പോഴേക്കും ബുര്‍ഹാനുമായി മുഹമ്മദ് ഹംദാന്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ആര്‍ എസ് എഫിനെ സൈന്യത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യം ബുര്‍ഹാന്‍ ഉയര്‍ത്തിയതാണ് അടിസ്ഥാന കാരണം. ഭരണത്തില്‍ രണ്ടാം നിരയില്‍ നിന്ന ഹംദാന് കൂടുതല്‍ അധികാരം വേണമെന്ന മോഹമുദിച്ചതും കാരണമാണ്. ഒറ്റയടിക്ക് “ജനപക്ഷ’ത്തേക്ക് ചാഞ്ഞ ഹംദാന്‍ അധികാര മാറ്റത്തിനായി വാദിച്ചു തുടങ്ങി. അദ്ദേഹം പറയുന്ന ഭരണ മാറ്റത്തിന്റെ അര്‍ഥം ബുര്‍ഹാനെ പുറത്താക്കുക എന്നത് മാത്രമാണ്. അല്ലാതെ സിവിലിയന്‍ സര്‍ക്കാര്‍ വരണമെന്നല്ല. ഹംദാന്‍ ചില്ലറക്കാരനല്ല. സ്വര്‍ണ ഖനികള്‍ അദ്ദേഹം നിയന്ത്രിക്കുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ അധിപനാണ് അദ്ദേഹം. ഭരണകൂടത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാള്‍. കൃഷി ഭൂമി പോലും കൈവശം വെക്കുകയും വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സൈന്യമാണ് സുഡാനിലുള്ളത്. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും സൈന്യം ഇടപെടുന്നു. ഇതെല്ലാം ഉമര്‍ അല്‍ ബശീറിന്റെ തുടര്‍ച്ച തന്നെയാണ്. പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത് ഈ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നാണ്. ബുര്‍ഹാനും ഹംദാനുമായുള്ള തര്‍ക്കം ജനാധിപത്യവാദികളുടെ വിഷയമേ അല്ല. ഒരര്‍ഥത്തില്‍ ജനാധിപത്യ പോരാട്ടത്തെ അപ്രസക്തമാക്കാനുള്ള ഉപാധിയാണ് ഇവര്‍ തമ്മിലുള്ള സായുധ പോരാട്ടം. ഒരു പക്ഷേ, ഈ പോര് ഒരു തന്ത്രവുമാകാം. ഈ യുദ്ധത്തില്‍ ആര് ജയിച്ചാലും സുഡാന്‍ ജനതക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് സിവിലിയന്‍ സര്‍ക്കാറാണ്. സൈന്യം ബാരക്കിലിരിക്കണമെന്നാണ് അവരുടെ ആവശ്യം.

അവര്‍ ചിരിക്കുന്നു

ചെങ്കടല്‍, സഹേല്‍ മേഖല, ഹോണ്‍ ഓഫ് ആഫ്രിക്ക എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന അസ്ഥിര മേഖലയെന്ന നിലയില്‍ സുഡാന് തന്ത്രപരമായ സ്ഥാനമാണുള്ളത്. എത്യോപ്യ, ചാഡ്, ദക്ഷിണ സുഡാന്‍ എന്നിവയുള്‍പ്പെടെ നിരവധി അയല്‍രാജ്യങ്ങളെ സുഡാനിലെ സംഘര്‍ഷം ബാധിക്കും. റഷ്യ, യു എസ്, സഊദി അറേബ്യ, യു എ ഇ തുടങ്ങി സുഡാനില്‍ ഇടപെടുന്ന എല്ലാവര്‍ക്കും സ്വന്തമായി താത്പര്യങ്ങളുണ്ട്. തീവ്ര ഗ്രൂപ്പുകള്‍ തലപൊക്കുന്നത് തടയുകയാണ് അറബ് രാജ്യങ്ങളുടെ ലക്ഷ്യമെങ്കില്‍ പാശ്ചാത്യ ശക്തികളുടെ ആശങ്ക ചെങ്കടലില്‍ റഷ്യന്‍ സ്വാധീനം കൂടുമോയെന്നതാണ്. ജനറല്‍ ബുര്‍ഹാന് റഷ്യയുമായി ചില നീക്കുപോക്കുകളുണ്ടെന്ന് അവര്‍ കരുതുന്നു.

പരസ്പരം പോരടിക്കുന്ന രണ്ട് സായുധ ഗ്രൂപ്പുകള്‍ക്കും ആയുധം നല്‍കുന്നത് പാശ്ചാത്യ ശക്തികളാണെന്നോര്‍ക്കണം. ക്രിസ്ത്യന്‍ ഭൂരിപക്ഷ ദക്ഷിണ സുഡാന്‍ ഉണ്ടാക്കാന്‍ കുത്തിത്തിരിപ്പു നടത്തിയവരാണ് ഈ ശക്തികള്‍. സുഡാന്റെ ഭാവിയില്‍ ഇവര്‍ക്ക് ഉള്ള ആശങ്ക മേഖലയിലെ തങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുമോയെന്നത് മാത്രമാണ്. സ്വന്തം പൗരന്‍മാരെ കലാപ കലുഷിത സുഡാനില്‍ നിന്ന് രക്ഷിച്ചു കൊണ്ടുവന്ന ശേഷം ഈ ആഫ്രിക്കന്‍ ജനത തമ്മില്‍ തല്ലി ചാവുന്നതില്‍ ആര്‍ക്കും ദണ്ഡമുണ്ടാകില്ല. പണ്ട് ഈ പ്രദേശമെല്ലാം പാശ്ചാത്യ കോളനികളായിരുന്നുവല്ലോ. കോളനി ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായ രാജ്യങ്ങള്‍ ശിഥിലമാകുന്നത് പഴയ മേലാളന്‍മാര്‍ക്ക് നല്ല മനസ്സുഖമുണ്ടാക്കുന്നുണ്ടാകും. അന്നാട്ടുകാര്‍ക്ക് ഭരിക്കാനറിയില്ലെന്ന് “തെളിയുക’യാണല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്