Connect with us

Kerala

പ്രിയ സാഹിത്യകാരന് വിടനൽകി മലയാളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

വിലാപയാത്രയില്‍ ജനപ്രവാഹം

Published

|

Last Updated

കോഴിക്കോട് | മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് അന്ത്യാദരമേകി മലയാളം. പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ സിതാരയില്‍ എത്തിയത് ആയിരകണക്കിനാളുകളാണ്.

പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

സിതാരയില്‍ നിന്ന് ആരംഭിക്കുന്ന അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷന്‍, ബാങ്ക് റോഡ്, കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്‍ഡ് വഴിയായിരിക്കും ശ്്മശാനത്തിലേക്ക് എത്തിക്കുക. ഇന്ന് വൈകീട്ട് അഞ്ചിന് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

തന്റെ മരണാന്തര ചടങ്ങുകള്‍ എങ്ങിനെയായിരിക്കണം എന്ന് എം ടി നേരത്തെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നലെ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.

എം ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന് എഴുത്തിലൂടെ ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ടവരുമായി അദ്ദേഹം സംവദിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തി. എം ടിയുടെ കഥാപാത്രങ്ങളെ വായിച്ച് വളര്‍ന്ന ഒരു തലമുറ ആ എഴുത്തുകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊട്ടാരം റോഡിലെ വീട്ടിലേക്ക് ഒഴുകുകയാണ്.

 

Latest