Connect with us

Kerala

'പൂപ്പൊലി' കാണാൻ വയനാട്ടിലേക്ക് ജനപ്രവാഹം

പത്ത് ദിവസം; എത്തിയത് രണ്ടര ലക്ഷം പേർ

Published

|

Last Updated

കൽപ്പറ്റ | അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയായ ‘പൂപ്പൊലി’ കാണാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് ജനം ഒഴുകുന്നു. കഴിഞ്ഞ ഒന്നിനാണ് പ്രദർശനം ആരംഭിച്ചത്. പത്ത് ദിവസത്തിനിടെ രണ്ടര ലക്ഷം പേരാണ് ഇവിടേക്കെത്തിയത്. ദിനേന ശരാശരി 25,000 പേർ. ശനി, ഞായർ ദിവസങ്ങളിലാണ് വൻ തിരക്ക്. ടിക്കറ്റ് ഇനത്തിൽ മാത്രം ഇതിനകം 1.1 കോടി രൂപയുടെ വരുമാനവും അധികൃതർക്ക് ലഭിച്ചു. ഓരോ ദിവസം പിന്നിടുന്തോറും തിരക്ക് വർധിക്കുകയാണെന്ന് സംഘാടകർ പറയുന്നു.

സന്ദർശകരുടെ എണ്ണം വർധിക്കുമ്പോഴും പൂപ്പൊലിയുടെ തീയതി നീട്ടാനാകാത്ത സാഹചര്യമാണുള്ളതെന്ന് ഡയറക്ടർ ഡോ. അജിത്കുമാർ പറഞ്ഞു. വിദ്യാർഥികളുടെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തീയതി നീട്ടാനാകാത്തതിന് പിന്നിൽ. ഇത്തവണ അഞ്ച് ലക്ഷത്തോളം പേർ പൂപ്പൊലി കാണാൻ എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 ഏക്കർ വരുന്ന പൂപ്പൊലി ഉദ്യാനത്തിൽ 300ഓളം സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ കൊമേഴ്‌സ്യൽ സ്റ്റാളുകളാണ് കൂടുതലുള്ളത്. രാവിലെയെത്തിയാൽ വൈകിട്ട് വരെ സമയം ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് ഇത്തവണ പൂപ്പൊലി സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂപ്പൊലി കാണാനെത്തുന്നവരുടെ തിരക്ക് കാരണം ചെറിയ ടൗണായ അമ്പലവയൽ വീർപ്പുമുട്ടുകയാണ്. അമ്പലവയൽ നിന്ന്  മേപ്പാടി, വടുവഞ്ചാൽ, ആയിരംകൊല്ലി- മീനങ്ങാടി, ബത്തേരി, ചുള്ളിയോട് റോഡുകളെല്ലാം തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. കിലോമീറ്ററുകളോളം ദൂരത്ത് ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. അമ്പലവയൽ ടൗണിൽ നിന്ന് കാർഷിക ഗവേഷണകേന്ദ്രത്തിലേക്കുള്ള വഴി മുതൽ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു. പലർക്കും മണിക്കൂറുകളോളം ക്യൂ നിന്നതിന് ശേഷമാണ് ടിക്കറ്റ് തന്നെ ലഭിച്ചത്.

തിരക്ക് വർധിച്ചതോടെ രണ്ട് ടിക്കറ്റ് കൗണ്ടറുകൾ കൂടി സജ്ജമാക്കിയാണ് പലരെയും അകത്തേക്ക് കടത്തിവിട്ടത്. ബസുകളെയും മറ്റും ആശ്രയിച്ച് പൂപ്പൊലി കാണാനെത്തിയ പലരും യഥാസമയം വാഹനം കിട്ടാതെ വലഞ്ഞു.

 

വാഹന പാർക്കിംഗായിരുന്നു മറ്റൊരു പ്രധാന പ്രശ്‌നം. സ്വകാര്യ പേ പാർക്കിംഗ് ഗ്രൗണ്ടുകൾ വാഹനങ്ങളെ കൊണ്ട് നിറഞ്ഞതോടെ പലർക്കും കിലോമീറ്ററുകൾ അകലെ വരെ പാർക്ക് ചെയ്യേണ്ടിവന്നു.

അതേസമയം, എല്ലാ തിരക്കുകളും മാറ്റിവെച്ച് പൂപ്പൊലി കാണാനുള്ള സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. വ്യത്യസ്തതയാർന്ന ഉദ്യാനങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ആയിരത്തിൽപ്പരം ഇനങ്ങളോടുകൂടിയ റോസ് ഗാർഡൻ, ഡാലിയ ഗാർഡൻ, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവക്ക് പുറമേ തായ്‌ലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓർക്കിഡുകൾ, നെതർലൻഡ്സിൽ നിന്നുള്ള ലിലിയം ഇനങ്ങൾ, അപൂർവയിനം അലങ്കാര സസ്യങ്ങൾ, കാലിഫോർണിയയിൽ നിന്നുള്ള സ്ട്രോബറി ഇനങ്ങൾ എന്നിങ്ങനെ നിരവധിയായ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാപുഷ്പങ്ങളും പൂത്ത് നിൽക്കുന്നതിനാൽ തന്നെ ചിത്രങ്ങളും മറ്റുമെടുക്കുന്നവരെ കൊണ്ടും നിറയുകയാണ് പൂന്തോട്ടങ്ങൾ. സഞ്ചാരികൾക്കായി സെൽഫി പോയിന്റ് വരെ സജ്ജമാക്കിയിട്ടുണ്ട്.

 

പ്രദർശനം ഈ മാസം 15ന് അവസാനിക്കും.