Organisation
ഗവര്‍ണര്‍ പദവിയില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി
'രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിന്റെ യശസ്സുയര്‍ത്തും.'
ആമ്പല്ലൂര്‍/തൃശൂര്‍ | സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ളവരെ ഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്‍ണര്‍മാരും തമ്മിലുള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം. കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിന്റെ യശസ്സുയര്‍ത്തും. കക്ഷി രാഷ്ട്രീയത്തില്‍ നിന്നുള്ളവരെ തന്നെ നിയമിക്കണം എന്ന് ഭരണഘടനയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് തുറാബ് അസഖാഫ്, ഡോ. പി എ ഫാറൂഖ് നഈമി, ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും.
ഐ എം കെ ഫൈസി, അഡ്വ. പി യു അലി, അബ്ദു ഹാജി കാദിയാളം, ഗഫൂര്‍ മൂന്നുപീടിക, എസ് എം കെ തങ്ങള്‍, വരവൂര്‍ അസീസ് നിസാമി, അഡ്വ. ബക്കര്‍, അമീര്‍ തളിക്കുളം, ഷാഫി ഖാദിരി, അനസ് ചേലക്കര സംബന്ധിച്ചു.