From the print
വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ് ജനം; ബീഫും മീനും കോഴിയും പൊള്ളും
കര്‍ണാടകയില്‍ നിന്ന് വരവ് തുടങ്ങിയതോടെ പച്ചക്കറിക്ക് ആശ്വാസം.
മലപ്പുറം | സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ ജനം ശ്വാസം മുട്ടുന്നതിനിടെ പച്ചക്കറി വില കുറയുന്നു. ഒരു മാസത്തോളമായി കുത്തനെ വില കൂടിയിരുന്ന പച്ചക്കറിക്ക് വില കുറയാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, കോഴിയിറച്ചി, മത്സ്യം, ബീഫ് എന്നിവയുടെ വില കുതിക്കുകയുമാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതോടെയാണ് പച്ചക്കറി വില ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് പച്ചക്കറി വരവ് തുടങ്ങിയിട്ടുണ്ട്. 120 രൂപയുണ്ടായിരുന്ന പയറിന് 60 രൂപയായി കുറഞ്ഞു. 250 രൂപയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില 180 രൂപയിലെത്തി. 80 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായക്ക് 50ഉം നൂറ് രൂപയിലെത്തിയിരുന്ന കൈപ്പക്ക് 80 രൂപയുമാണ് നിലവിലെ വില.
അതേസമയം, തക്കാളി, പച്ചമുളക് വില ഉയരുകയാണ്. 45 രൂപയുണ്ടായിരുന്ന തക്കാളി വില 60 രൂപയിലെത്തിയിട്ടുണ്ട്. പച്ചമുളകിന്റെ വില 120 രൂപയിലെത്തി. ബീന്‍സ് വില ഇരട്ട സെഞ്ച്വറിയടിച്ച് കുതിക്കുകയാണ്. എന്നാല്‍ മറ്റ് പച്ചക്കറികളെല്ലാം ആശ്വാസ വിലയിലെത്തിയിട്ടുണ്ട്.
പറന്നുയര്‍ന്ന് കോഴി വില
കോഴി വിലയാണ് പിടികിട്ടാതെ കുതിക്കുന്നത്. കോഴിക്ക് 160-170 രൂപ വരെയാണ്. ഇറച്ചിക്ക് കിലോക്ക് 250 മുതല്‍ 260 വരെയാണ് വില. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് കോഴിക്ക് വില ഉയരാന്‍ കാരണം. റമസാന്‍ തുടക്കത്തില്‍ തുടങ്ങിയ വിലക്കയറ്റമാണ് കോഴിയുടേത്. 110ല്‍ തുടങ്ങിയ വില 170 വരെയെത്തിയിരിക്കുന്നു. ബലിപെരുന്നാള്‍ വരെ ഈ വില നല്‍കേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഇനി കോഴി ഒഴിവാക്കി മീന്‍ വാങ്ങാമെന്നുവെച്ചാല്‍ വില കേട്ടാല്‍ ഞെട്ടും. സാധാരണക്കാരുടെ ഇഷ്്ട വിഭവമായ മത്തിക്ക് 150 മുതല്‍ 180 രൂപവരെയാണ് കിലോക്ക് വില. നല്ലയിനം അയലക്ക് കിലോക്ക് 200 രൂപക്ക് മുകളില്‍ നല്‍കണം. സാധരണയായി വിലക്കുറവുണ്ടാവാറുള്ള തളയനും ചെമ്പല്ലിക്കും 120 മുതല്‍ 150 രൂപ വരെ നല്‍കണം.
ഇങ്ങനെ സാധാരണക്കാരന്റെ പ്ലേറ്റിലെ സ്ഥിരം സാന്നിധ്യമായ ചെറു മീനുകള്‍ക്കെല്ലാം പൊള്ളും വിലയാണ്. മഴ കനക്കുന്നതോടെ മീനിന് ഇനിയും വില കൂടും. ട്രോളിംഗ് നിരോധ വും കൂടെ എത്തിയാല്‍ വീണ്ടും വില കുതിക്കും.