Malappuram
ചക്രക്കസേരയില്‍ കഴിയുന്നവര്‍ അവശതകള്‍ മറന്ന് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിനായി ഒത്തുകൂടി
വിവിധ രോഗങ്ങള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍
മലപ്പുറം | ഭിന്നശേഷി സുഹൃത്തുക്കള്‍ക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്. കാലാവസ്ഥ പ്രതികൂലമായിട്ടും അവശതകള്‍ മറന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയ അവര്‍ പെരുന്നാള്‍ സന്തോഷം പങ്കിട്ടു.രാവിലെ 8.30 നായിരുന്നു ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരവും കൂട്ടായ്മയും സംഘടിപ്പിച്ചത്.
വിവിധ രോഗങ്ങള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍. പെരുന്നാള്‍ നിസ്‌കാരശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് അവര്‍ പിരിഞ്ഞത്. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നല്‍കി.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്നതിനും പരിചരണങ്ങള്‍ നല്‍കുന്നതിനും ജുനൈദ് സഖാഫി മേല്‍മുറി, മുനീര്‍ പൊന്മള, അമീര്‍ മച്ചിങ്ങല്‍, ഇംതിയാസ് മആലി, ശംസുദ്ധീന്‍ സി.കെ, ഷാജി വാറങ്കോട്, സൈഫുദ്ധീന്‍ പൈത്തിനി എന്നിവരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഹോസ്പൈസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.