Connect with us

Narendra Modi

ഡല്‍ഹി മിനി ഹിന്ദുസ്ഥാന്‍, ഇപ്പോള്‍ ബി ജെ പിക്ക് അവസരം നല്‍കി: നരേന്ദ്രമോദി

ബി ജെ പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി

Published

|

Last Updated

 

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ജനങ്ങള്‍ മോദി ഗ്യാരണ്ടിയില്‍ വിശ്വാസം അര്‍പ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണ്. ഡല്‍ഹി ഇപ്പോള്‍ ബി ജെ പിക്ക് അവസരം നല്‍കിയിരിക്കുന്നു. ബി ജെ പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഐതിഹാസിക വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായും മോദി പറഞ്ഞു.

ഡല്‍ഹി ഇപ്പോള്‍ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ബിജെപിയെ മനസ് തുറന്നു സ്‌നേഹിച്ചു. ഈ സ്‌നേഹത്തിന്റെ പതിന്മടങ്ങ് തിരിച്ചു തരും. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ഡല്‍ഹിക്ക് മോദിയുടെ ഗ്യാരണ്ടിയാണ്. ഡല്‍ഹി ബി ജെ പിയുടെ സദ്ഭരണം കാണുന്നു. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ഡല്‍ഹിയിലും ബി ജെ പി പുതു ചരിത്രം രചിച്ചു.

ഇത് സാധാരണ വിജയമല്ല. എ എ പിയെ പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. ബിജെപി പ്രവര്‍ത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ഡല്‍ഹിയില്‍ നേടിയ ഉജ്ജ്വല വിജയം. ഇനി കൂടുതല്‍ ഊര്‍ജ്ജത്തില്‍ വികസനം നടപ്പാക്കും.
ഡല്‍ഹിയുടെ ഉടമകള്‍ ഇവിടുത്തെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ എളുപ്പ വഴികളോ കള്ളം പറയുന്നവര്‍ക്കോ സ്ഥാനം ഇല്ല. ഡല്‍ഹി ഷോര്‍ട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്തു. മൂന്ന് തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പൂര്‍ണ വിജയം നല്‍കി. ഇത്തവണ നല്‍കിയ വിജയം ഡല്‍ഹിയെ പൂര്‍ണമായി സേവിക്കാന്‍ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങള്‍ പരാമര്‍ശിച്ച് മോദി പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചു. അഴിമതിക്കാര്‍ ഉത്തരം നല്‍കേണ്ടി വരും. ഇതും മോദിയുടെ ഗ്യാരണ്ടിയാണ്. അഴിമതിയുടെ പേരില്‍ അധികാരത്തില്‍ വന്നവര്‍ തന്നെ അഴിമതി കേസില്‍ അറസ്റ്റിലായി. മദ്യനയ അഴിമതിയിലും സ്‌കൂളിലെ അഴിമതിയിലും ജനം മറുപടി നല്‍കി.ഡല്‍ഹിയില്‍ പൂജ്യം സീറ്റ് നേടുന്നതില്‍ കോണ്‍ഗ്രസ് ഡബിള്‍ ഹാട്രിക്ക് നേടി. ആറു തവണ പൂജ്യം സീറ്റ് നേടി പരാജയപ്പെട്ട് ഗോള്‍ഡ് മെഡല്‍ നേടി. ഡല്‍ഹിയിലെ ജനത്തിന് കോണ്‍ഗ്രസില്‍ ഒരു വിശ്വാസമില്ല. ഇന്ത്യ സഖ്യത്തിനും ഇക്കാര്യം മനസിലായി. ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെ എതിര്‍ത്തു.അവര്‍ കോണ്‍ഗ്രസിനെ തടയുന്നതില്‍ വിജയിച്ചു. പക്ഷേ എ എ പിയെ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് സഖ്യകക്ഷികളെയും നശിപ്പിക്കുന്ന പാര്‍ട്ടിയാണെന്നും മോദി പറഞ്ഞു.