National
'മോദി തേരി കബര്‍ ഖുദേഗി' എന്നല്ല, മോദി തേരാ കമല്‍ ഖിലേഗാ എന്നാണ് ജനങ്ങള്‍ പറയുന്നത്: നരേന്ദ്ര മോദി
മോശമായ ഭാഷയോ ചിന്താഗതിയോ ഉപയോഗിക്കുന്നവര്‍ക്ക് രാജ്യം തക്കതായ മറുപടി നല്‍കും.
ഷില്ലോങ് | തനിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മേഘാലയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി വിമര്‍ശനവുമായി രംഗത്തെത്തിയത്.
മോദിയുടെ പേര് പരിഹാസരൂപേണ പരാമര്‍ശിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ പവന്‍ ഖേരയെ ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്നിറക്കിയായിരുന്നു അറസ്റ്റ്.ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയത്.
‘മോദി തേരി കബര്‍ ഖുദേഗി’ (മോദീ, നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന മുദ്രാവാക്യമാണ് മോദിയെ ചൊടിപ്പിച്ചത്. ജനങ്ങള്‍ പറയുന്നത് ‘മോദി തേരാ കമല്‍ ഖിലേഗാ’ (മോദി, നിങ്ങളുടെ താമര വിരിയുമെന്ന്) എന്നാണെന്ന് ഇതിന് മറുപടിയായി പ്രധാന മന്ത്രി പറഞ്ഞു.
മോശമായ ഭാഷയോ ചിന്താഗതിയോ ഉപയോഗിക്കുന്നവര്‍ക്ക് രാജ്യം തക്കതായ മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മോദി മുന്നറിയിപ്പ് നല്‍കി. രാജ്യം തള്ളിക്കളഞ്ഞവരാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കുന്നതെന്നും എന്നാല്‍ രാജ്യം പറയുന്നത് ‘മോദി തേരാ കമല്‍ ഖിലേഗാ’ എന്നാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.