Editors Pick
ഡോങ്കി റൂട്ടെന്ന മരണ സാഹസിക പഥങ്ങളിലൂടെ സ്വപ്നതീരം തേടുന്ന മനുഷ്യര്‍...
അമ്പതും അറുപതും ലക്ഷം രൂപ ഡങ്കി ഏജന്‍റുമാര്‍ക്ക് നല്‍കി സ്വപ്നഭൂമി തേടിപ്പോകുന്നവരുടെ സഞ്ചാരകഥകള്‍ നടുക്കുന്നതാണ്.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് പതിമൂന്ന് കിലോമീറ്റർ ദൂരത്തില്‍ ഡിംഗൂചയെന്നൊരു ഗ്രാമമുണ്ട്. ഏതാണ്ട് മൂവായിരത്തോളം മാത്രം ആളുകൾ താമസിക്കുന്ന ഒരു ഗ്രാമം. എന്നാല്‍ ഇപ്പോള്‍ ഈ ഗ്രാമത്തിലെ പാതിയിലധികം വീടുകളും അടഞ്ഞു കിടക്കുകയാണ്. അതായത് ഏതാണ്ട് 1800 പേരോളം ഡിംഗൂച വിട്ട് വിദേശത്തേക്ക് കുടിയേറിയിരിക്കുന്നുവെന്ന് സാരം. ഇവരിലധികം പേരും അംഗീകൃതമായ വിസയിലല്ല ഈ നാട് വിട്ടുപോയെന്നതാണ് ചരിത്രം. ഇവിടെയാണ് ഡങ്കി റൂട്ട് അഥവാ ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയിലൂടെ യു.എസ് , യുകെ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപ്പോകുന്ന മനുഷ്യരുടെ ജീവിതകഥകളിലേക്ക് നാമെത്തുന്നത്.
കഴുത പഥം എന്നും ഡങ്കിയെന്ന ബോട്ട് പോലുള്ള യാനപാത്രം എന്നര്‍ത്ഥത്തിലാണ് ഈ പേര് വന്നതെന്നും രണ്ടഭിപ്രായമുണ്ട്. ഇത്തരം ആളുകളെ കൊണ്ടുപോകുന്ന വിമാനങ്ങള്‍ക്കും ഡങ്കി ഫ്ലൈറ്റ് എന്നാണ് പറയുന്നത്.അമ്പതും അറുപതും ലക്ഷം രൂപ ഡങ്കി ഏജന്‍റുമാര്‍ക്ക് നല്‍കി സ്വപ്നഭൂമി തേടിപ്പോകുന്നവരുടെ സഞ്ചാരകഥകള്‍ നടുക്കുന്നതാണ്. അതില്‍ ഡിങ്കൂച ഒരു ഉദാഹരണം മാത്രം.
ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാരെ യു എസിലേക്കും യു കെയിലേക്കും കടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ഗുജറാത്തും പഞ്ചാബുമായിരുന്നു ഉണ്ടായിരുന്നത്.ഇന്നിപ്പോള്‍ ഹരിയാന കൂടി ആ ലിസ്റ്റിലേക്ക് വന്നിരിക്കുന്നു.
നമുക്ക് ഡിംഗൂചയിലേക്ക് തന്നെ വരാം. ഗ്രാമത്തിലെങ്ങും കാണുന്ന പോസ്റ്ററുകള്‍, യു.എസിലും കാനഡയിലും ജോലി സാദ്ധ്യതയുള്ള കോഴ്സുകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ളതാണ്.അക്കൂട്ടത്തില്‍ ചിലത് വിദേശ ജോലി നേടാന്‍ സഹായിക്കുന്ന ട്രാവല്‍ ഏജന്‍സികളുടേതുമാണ്. യു.എസ് , കാനഡ വിസ തരപ്പെടുത്തിക്കൊടുക്കുന്നവരുമുണ്ട് ഈ കൂട്ടത്തില്‍.
നാട്ടുകാരില്‍ പലരും യുഎസില്‍ പോയ വാര്‍ത്ത കേട്ട ജഗദീഷ് പട്ടേലിനും ഭാര്യക്കും യു.എസിലേക്ക് കുടിയേറണമെന്ന മോഹമുണ്ടായത് ആയിടെയാണ് . നാട്ടില്‍ ട്യൂഷന്‍ സെന്‍ററിലെ അദ്ധ്യാപകനായും പിന്നീട് ടെക്സ്റ്റൈൽ ബിസിനസ്സില്‍ സഹായിയായും നിന്ന ജഗദീഷിനും കുടുംബത്തിനും മാസം പതിനായിരം രൂപയിലധികം സമ്പാദിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. പരിമിതികള്‍ക്കിടയിലാണ് കുടുംബം കഴിഞ്ഞുപോരുന്നത്. അതില്‍നിന്നൊരു മാറ്റം വേണം , കുട്ടികളെ നന്നായി പഠിപ്പിക്കണം, അവരുടെ ഭാവി സുരക്ഷിതമാക്കണം അതിനിവിടെ നിന്നാല്‍ പറ്റില്ല എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെയാണ് ഉണ്ടായിരുന്ന വീട് വിറ്റ് ഏജന്‍റിന് പണം കൊടുത്തത്. ജഗദീഷിനും ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കും കൂടി അറുപത് ലക്ഷം രൂപയാണ് ഏജന്‍റ് ആവശ്യപ്പെട്ടത്. അതുകൊടുത്തു മെക്സിക്കോയിലേക്ക് വിമാനം കയറിയ ജഗദീഷിനേയും കുടുംബത്തേയും പിന്നീട് കാണുന്നത് യു.എസ് അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മീറ്റർ അകലെ മരവിച്ചു മരിച്ച നിലയിലാണ്. മൈനസ് 37 ഡിഗ്രി തണുപ്പ് താങ്ങാന്‍ കഴിയാതെയാണ് കൊച്ചു കുട്ടിയടക്കമുള്ള കുടുംബം മരണത്തിന് കീഴടങ്ങിയത്.
ഈ ഡംഗി വിസ തന്നെ രണ്ടു തരമുണ്ട്. ആദ്യം മുതൽ അവസാനം വരെ ഏജന്‍റുമാരുടെ സപ്പോര്‍ട്ട് കിട്ടുന്ന ബിസിനസ് ക്ലാസ്സ് വിസയും , അവരുടെ ഒരു സപ്പോര്‍ട്ടും ലഭിക്കാത്ത ഇക്കോണമി ക്ലാസ്സ് വിസയും.ആദ്യത്തേതില്‍ പലയിടത്തും ഏജന്‍റിന്‍റെ ആളുകള്‍ കൂടെ വരും. എന്നാല്‍ രണ്ടാമത്തേതില്‍ മുഴുവൻ ഉത്തരവാദിത്വവും തൊഴിലന്വേഷകനു തന്നെയാണ്. പനാമ, കോസ്റ്ററിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള വിസ കരസ്ഥമാക്കി കുടിയേറ്റക്കാർ യാത്ര ചെയ്യുന്നു. തുടർന്ന് യു.എസിലെത്തണമെങ്കില്‍ അവർക്ക് ഡാരിയൻ ഗ്യാപ്പ് എന്ന 97 കിലോമീറ്റർ വനമേഖലയും കടക്കേണ്ടതുണ്ട്.
യുഎസിലെ ഒരു പ്രധാന നഗരത്തിലെത്തിയാൽ ജോലി കണ്ടെത്താമെന്നും ആൾക്കൂട്ടത്തിലേക്ക് അപ്രത്യക്ഷമാകാമെന്നും കുടിയേറ്റക്കാർ വിശ്വസിക്കുന്നു. ഏജന്‍റുമാര്‍ അവരെ അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതിനായി എന്തു സാഹസത്തിനും തയ്യാറായാണ് ഈ മനുഷ്യര്‍ വാഗ്ദത്തഭൂമി തേടിപ്പോവുന്നത്.
യുഎസില്‍ കടന്നുകയറുക ഒട്ടും എളുപ്പമല്ല. ധാരാളം പണം കൊടുത്താലും എല്ലായിടത്തും ഏജന്‍റുമാരുടെ പിന്തുണ കിട്ടില്ല. വാഹനം പോകുന്ന വഴികള്‍ കഴിഞ്ഞ് നൂറില്‍ താഴെ കിലോമീറ്റർ ദൂരം നടക്കാനുണ്ട്. വഴിയില്‍ പാമ്പുകളും കയോട്ടുകളും ചില വന്യമൃഗങ്ങളുണ്ട്. സായുധരായ കൊള്ളക്കാരുണ്ട്. പണമില്ലെങ്കില്‍ കൂട്ടത്തിലുള്ള സ്ത്രീകളെ ആവശ്യപ്പെടുന്നവര്‍ പോലുമുണ്ട്. ഒന്നും കിട്ടിയില്ലെങ്കില്‍ വെടിവെച്ചു കൊല്ലാനും മടിക്കാത്ത ക്രൂരന്മാരാണ് ഈ കൊള്ളക്കാര്‍. അതിര്‍ത്തിയില്‍ പലയിടത്തും യു.എസ് സൈനികരുണ്ട്. അവരുടെ കണ്ണു വെട്ടിച്ചുവേണം അതിര്‍ത്തി കടക്കാന്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ രണ്ടാമൂഴം വരുന്നതുവരെ കാര്യങ്ങള്‍ ഇത്ര കര്‍ശനമായിരുന്നില്ല.പണ്ട് ഈ വഴി തിരഞ്ഞെടുത്ത് അതിര്‍ത്തി കടക്കുന്നതില്‍ വിജയിച്ച പലരും യുഎസിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ചാണ് തങ്ങൾ ‘ഡോങ്കി റൂട്ട് ‘ കടന്നുപോയതെന്ന് പല ഗ്രീൻ കാർഡ് ഉടമകളും അഭിമാനത്തോടെ പറയുന്നത് പുതിയ ആളുകളേയും പ്രലോഭിപ്പിക്കുന്നു.ഇങ്ങനെയാണ് അനധികൃത പാത പിന്തുടരാൻ പലരേയും പ്രേരിപ്പിക്കുന്നത്. ഈ വഴിയിലൂടെ യുഎസിലെത്താനും എന്തെങ്കിലും ജോലി നേടാനും അവർ IELTS പരീക്ഷ പാസാകുകയോ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുകയോ ചെയ്യേണ്ടതില്ല.
ഒരിക്കൽ ഒരു വ്യക്തി മെക്സിക്കോ അതിർത്തി കടന്ന് യുഎസിലേക്ക് പ്രവേശിക്കുമ്പോൾ അവർ സ്വയം യുഎസ് പോലീസിന് കീഴടങ്ങുകയും ഏതാനും മാസങ്ങൾ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുകയും ചെയ്യുന്നു. ഒരു ഇമിഗ്രേഷൻ ബോണ്ട് പൂരിപ്പിച്ച് അവരെ ജാമ്യത്തിൽ വിടാൻ അഭിഭാഷകൻറെ സഹായം ആവശ്യമായി വരും. മിക്കവാറും ഇന്ത്യന്‍ വംശജരായ അഭിഭാഷകരാവും ജാമ്യത്തിനായി ശ്രമിക്കുന്നത്.
ഇത് ഒരു അധിക ചെലവാണ്. അതിനുള്ള പണം കൂടി കുടിയേറ്റക്കാര്‍ കരുതേണ്ടതുണ്ട്.
ഇങ്ങനെയാണ് അവർ യുഎസിൽ തൊഴിൽ അവകാശങ്ങൾ നേടുന്നതും അനധികൃത കുടിയേറ്റക്കാർ അഭയം തേടി അപേക്ഷ സമർപ്പിക്കുന്നതും. ഇത്തരക്കാരെ മുമ്പ് ക്യാമ്പുകളിൽ നിന്ന് നാടുകടത്തിയിരുന്നുവെങ്കിലും പലർക്കും ജാമ്യവും തുടർജോലി അവകാശങ്ങളും ലഭിച്ചിരുന്നു. അതുകൊണ്ട് നാടുകടത്തലിനെ ഭയക്കാതെ അവർ ഇതൊരു എളുപ്പമാർഗ്ഗമായി സ്വീകരിച്ചു തുടങ്ങി.
പഞ്ചാബികള്‍ ഡങ്കി റൂട്ടിനെ നേരത്തേതന്നെ ആശ്രയിച്ചവരാണ്. അനധികൃത കുടിയേറ്റ മാർഗങ്ങള്‍ അവിടത്തെ യുവാക്കളെക്കാൾ മാതാപിതാക്കളെയാണ് കൂടുതൽ ആകർഷിച്ചിരിക്കുന്നത്.മുൻകാലങ്ങളിലെ ചില വിജയഗാഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവര്‍ കുടിയേറ്റത്തിന് മുതിരുന്നതെന്ന് എന്നാണ് ഇമിഗ്രേഷൻ കൺസൾട്ടന്റുകൾ പറയുന്നത്.തുടക്കത്തിൽ മജ്ഹ, ദോബ ബെൽറ്റുകളിൽ ഈ പ്രവണത കൂടുതൽ പ്രചാരത്തിലായിരുന്നെങ്കിലും പിന്നീട് ഈ പ്രവണത സംസ്ഥാനം മുഴുവൻ വ്യാപിച്ചതായും അവര്‍ പറയുന്നു. എല്ലാറ്റിനുമുപരിയായി പഞ്ചാബിലെ പല ഗായകരും ‘ഡോങ്കി റൂട്ട് യാത്രയെ വാഴ്ത്തിപ്പാടി ഈ അനധികൃത യാത്രയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ഗാനങ്ങൾ പോലും നിർമ്മിച്ചിട്ടുണ്ട്. ഇത് ശരിക്കും നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. ഛത്തീസ്ഗഡ് സ്വദേശിയായ വിസ കണ്‍സള്‍ട്ടന്‍റ് ഹരി പറയുന്നതിങ്ങനെയാണ്.
“ഈ അനധികൃത കുടിയേറ്റ മാഫിയയ്ക്ക് പിന്നിലുള്ളവരെ പഞ്ചാബ് സർക്കാർ അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുന്ന ആദ്യ വിമാനം അമൃത്സറിൽ വന്നിറങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു. നാടുകടത്തപ്പെട്ടവരിൽ നിന്ന് അവർക്ക് മതിയായ സൂചനകൾ ലഭിച്ചിരിക്കും. അതുപയോഗിച്ച് ഈ അനധികൃത കുടിയേറ്റം എങ്ങനെ തടയാമെന്ന കാര്യത്തില്‍ അവർ ശ്രദ്ധ കേന്ദ്രീകരിക്കണം. യുഎസിൽ നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 25 വർഷത്തിനിടെ 7.25 ലക്ഷം ഇന്ത്യക്കാർ യുഎസിൽ അഭയം തേടിയിട്ടുണ്ട്.
ഏജന്‍റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടങ്ങി യു.എസിലേക്ക് കടക്കാനൊരുങ്ങിയവരില്‍ പലരും ഇതേ വഴിയിലൂടെ തുടര്‍ന്നുവരുന്നതിനിടെയിലാണ് ഭരണം മാറുന്നതും അനധികൃത കുടിയേറ്റക്കാരോടുള്ള ഗവണ്‍മെന്‍റ് നിലപാടുകള്‍ കടുപ്പിക്കുന്നതും.ഇതിനിടെ അമേരിക്കയിലെത്തിയ ഉടനെ തിരിച്ച് ഇന്ത്യയിലേക്ക് തന്നെ നാടുകടത്തപ്പെട്ട മന്‍ദീപ് എന്ന ഹരിയാനക്കാരന്‍റെ കഥ പുറത്തുവരുന്നുണ്ട്. അയാളുടെ അനുഭവ കഥകള്‍ അതിദയനീയമാണ്.
40 ലക്ഷം രൂപ തന്നാല്‍ 40 ദിവസം കൊണ്ട് യുഎസിലേക്കുള്ള യാത്ര സുഗമമാക്കാമെന്നാണ് മന്ദീപിന് ട്രാവൽ ഏജന്റിന്‍റെ വാഗ്ദാനം. എന്നാൽ 23 വയസ്സുള്ള ആൾക്ക് യുഎസിൽ എത്താൻ അഞ്ച് മാസമെടുത്തു. 20 ദിവസത്തിനുള്ളിൽ അയാളെ തിരികെ നാടുകടത്തുകയും ചെയ്തു.
ബിരുദധാരിയായ അദ്ദേഹം 2024 സെപ്റ്റംബർ 18 ന് യുഎസിലേക്കുള്ള യാത്ര ആരംഭിച്ചു. ഡങ്കി റൂട്ട് വഴി 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തി.മുംബൈയിൽ നിന്ന് ഗയാന, ബ്രസീൽ, ബൊളീവിയ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ, ഹോണ്ടുറാസ്, ഗ്വാട്ടിമാല, മെക്സിക്കോ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജനുവരി 24 ന് യുഎസ്എ അതിർത്തി കടന്നു. പക്ഷേ അവിടെവച്ചു മന്‍ദീപ് പിടിക്കപ്പെട്ടു. യുഎസ് അതിർത്തി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചു.
“ഞങ്ങൾക്ക് അവിടെ ഒരു നിയമസഹായവും ലഭിച്ചില്ല. ഞങ്ങൾക്ക് അഭയവും ലഭിച്ചില്ല. നിയമങ്ങൾ മാറ്റിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും നാടുകടത്തുമെന്നും ഞങ്ങളോട് പറഞ്ഞു,” മന്ദീപ് പറഞ്ഞു.”അമേരിക്കയിലെ മുൻ ഭരണകൂടത്തിന്റെ കാലത്ത് ഞങ്ങൾ യുഎസിൽഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സർക്കാർ മാറി, അത് ഞങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു,” ഹരിയാനയിലെ കൈതാൽ ജില്ലയിലെ ഷ്യോ മജ്‌റ നിവാസിയായ മൻദീപ് സിംഗ് പറഞ്ഞു.
ഫെബ്രുവരി 13-ന്, അദ്ദേഹത്തെയും മറ്റുള്ളവരെയും ഇന്ത്യയിലേക്ക് നാടുകടത്തി, ഫെബ്രുവരി 15-ന് അമൃത്സറിൽ എത്തിച്ചു. “ഞങ്ങളെ കൈകൾ ബന്ധിച്ചു, യുഎസിൽ നിന്ന് അമൃത്സർ വിമാനത്താവളത്തിലെത്താൻ വിമാനം 64-65 മണിക്കൂർ എടുത്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.”മകനെ വിദേശത്തേക്ക് അയയ്ക്കാൻ അയാളുടെ പിതാവ് ഒരു ഏക്കർ കൃഷിഭൂമി വിറ്റതായി കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങുന്നതിനു പുറമേ വായ്പ ലഭിക്കുന്നതിനായി പിതാവ് രണ്ട് ഏക്കർ ഭൂമി ഒരു ബാങ്കിൽ പണയപ്പെടുത്തി.
ഏജന്‍റുമാരുടെ തട്ടിപ്പുകളെക്കുറിച്ചും മന്‍ദീപിന്‍റെ പിതാവ് പറയുന്നു.മൻദീപിന് വിദേശത്തേക്ക് പോകാൻ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് ഒരു ട്രാവൽ ഏജന്റുമായി സംസാരിച്ചത് “40 ദിവസത്തിനുള്ളിൽ അമേരിക്കയിലേക്ക് അയയ്ക്കാമെന്ന് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു.പക്ഷേ തുടക്കത്തിൽ അദ്ദേഹം മൻദീപിനെ ഒരു മാസത്തേക്ക് ദുബായിൽ താമസിപ്പിച്ചു. മൻദീപിനെ അമേരിക്കയിലേക്ക് അയയ്ക്കാൻ ഞങ്ങൾ ട്രാവൽ ഏജന്റിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. എന്നിരുന്നാലും, പിന്നീട് അദ്ദേഹത്തെ യുഎസിലേക്ക് അയച്ചു,” മംഗത് പറഞ്ഞു.”
നാടുകടത്തപ്പെട്ടവരെ യാത്രയ്ക്കിടെ കൈകള്‍ ബന്ധിച്ചതും ചങ്ങലക്കിട്ടതും പുതിയ പ്രതിഷേധ തരംഗത്തിന് കാരണമായിട്ടുണ്ടെങ്കിലും അനധികൃത കുടിയേറ്റക്കാർക്കെതിരായ ഇത്തരം നടപടികൾ പുതിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം ഉയർന്നുവന്ന ഒരു പ്രതിഭാസമല്ലെന്ന് രേഖകൾ പറയുന്നു. 2009 മുതൽ ഇങ്ങനെ മതിയായ രേഖകളില്ലാതെ 1587 ഇന്ത്യക്കാരായ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ നാടുകടത്തലുകൾ നടന്നത് 2019 ലാണ്. 2,042 പേര്‍. തുടർന്ന് 2020ല്‍ 1,889 , 2024ല്‍ 1368 പേര്‍ ഇങ്ങനെ നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ വർദ്ധിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഒരു ദശാബ്ദം മുമ്പ്, യുഎസ് അതിർത്തിയില്‍ അധികൃതർ 1,500 ൽ കൂടുതൽ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ തടഞ്ഞിരുന്നു. ഈ കണക്ക് 2023 ൽ 96,917 ഉം 2024 ൽ 90,415 ഉം ആയി കുത്തനെ ഉയർന്നിട്ടുണ്ട്.എന്തായാലും ഈ ഭീഷണിയെ നേരിടുന്നതില്‍ യു എസ് ഗവണ്‍മെന്‍റ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കയാണ്. വരും ദിവസങ്ങളില്‍ കൂടുതൽ നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യയിലേക്ക് വരുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും കാര്യമായി പ്രതികരിച്ചിട്ടില്ല.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് സാധാരണമാണെന്നാണ് വിദേശ കാര്യമന്ത്രിഎസ്. ജയശങ്കറിന്‍റെ പ്രതികരണം. എന്നാല്‍ കൊണ്ടുവന്ന രീതിക്കെതിരേ പ്രതികരിക്കാത്ത സര്‍ക്കാരിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടുണ്ട്.ഇന്ത്യന്‍ കുടിയേറ്റക്കാരെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കോസ്റ്റാറിക്കയുടെ പ്രസ്താവനയും ഇതിനിടെ വന്നിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുവരാന്‍ മനസ്സില്ലാത്തവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്.