Connect with us

jammu kashmir

കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരാന്‍ കര്‍കരെപ്പോലെ ജനങ്ങള്‍ ത്യാഗം ചെയ്യേണ്ടിവരും: ഫാറൂഖ് അബ്ദുള്ള

അക്രമാസക്തമായ സമരങ്ങളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ താഴേ തട്ടിലുള്ള ജനങ്ങളുമായി ബന്ധം നിലനിര്‍ത്തണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു

Published

|

Last Updated

ശ്രീനഗര്‍ | കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരാന്‍ ജനങ്ങള്‍ ത്യാഗം ചെയ്യേണ്ടിവരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. 700ലേറെ കര്‍ഷകര്‍ ത്യാഗം ചെയ്തത് കൊണ്ടാണ് കേന്ദ്രം വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. സമാനമായി സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം എന്നും അദ്ദേഹം ആവര്‍ത്തിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370ഉം, 35 എയും പുനസ്ഥാപിക്കാനും നമ്മള്‍ പ്രതിജ്ഞ ചെയ്യുകയാണെന്നും അതിന് വേണ്ടി എന്ത് ത്യാഗത്തിനും നാം തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, അക്രമാസക്തമായ സമരങ്ങളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ താഴേ തട്ടിലുള്ള ജനങ്ങളുമായി ബന്ധം നിലനിര്‍ത്തണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്ത് ടൂറിസം വികസിച്ചുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ അദ്ദേഹം ചോദ്യം ചെയ്തു. ടൂറിസമാണോ ഒരു സംസ്ഥാനത്തെ സംബന്ധിച്ച് എല്ലാം എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ കേന്ദ്രം വാഗ്ദാനം ചെയ്ത 50,000 ജോലികള്‍ എവിടെ എന്നും അദ്ദേഹം ചോദിച്ചു.

Latest