pepper price
കുരുമുളകിന് വില കൂടി ; കർഷകർക്ക് പ്രതീക്ഷ
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ ആവശ്യക്കാർ വർധിച്ചതാണ് വിലവർധനവിന് കാരണം
കോട്ടയം | വിലത്തകർച്ച നേരിട്ട കുരുമുളക് കർഷകർക്ക് പ്രതീക്ഷയായി നേരിയ വില വർധനവ്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ ആവശ്യക്കാർ വർധിച്ചതാണ് വിലവർധനവിന് കാരണം.
നിലവിൽ ഗാർബിൽഡ് 410, അൺഗാർബിൽഡിന് 390 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. ഉത്തരേന്ത്യൻ വിപണികളിൽ സുലഭമായിരിക്കുന്ന വിദേശ കുരുമുളകിന്റെ മേന്മക്കുറവും ദക്ഷിണേന്ത്യയിൽ നിന്നുള്ള ഉത്പന്നത്തിന് പ്രിയം വർധിക്കാൻ കാരണമായി. രണ്ട് വർഷം മുൻപ് കുരുമുളക് 280 രൂപയായി വിലയിടിഞ്ഞിരുന്നു. കുരുമുളക് വില വർധിച്ച് 450 രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷ. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ സാധിക്കാത്തതാണ് വില വർധനവിന് തടസ്സമായി നിൽക്കുന്നതെന്ന് കർഷക കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഇന്ന് ലോകത്ത് എറ്റവും അധികം കുരുമുളക് ഉത്്പാദിപ്പിക്കുന്നത് വിയറ്റ്നാമിലാണ്. പ്രതിവർഷം രണ്ട് ലക്ഷം ടൺ ആണ് ഉത്്പാദനം. ഇന്ത്യയുടെ ഉത്്പാദനം മുപ്പതിനായിരം ടൺ മാത്രമാണ്. ഉത്്പാദനത്തിൽ വിയറ്റ്നാമിനുള്ള മേൽക്കൈ മൂലമാണ് ഇന്ത്യൻ കുരുമുളകിന് വില വർധിക്കാത്തത്. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉത്്പാദിപ്പിക്കുന്നത്. വയനാട്, കോട്ടയം, ഇടുക്കി തുടങ്ങിയ മലയോര മേഖലയിലാണ് കുരുമുളക് ഉത്്പാദിപ്പിക്കപ്പെടുന്നത്. വിലയിൽ വർധനവ് ഉണ്ടാകുമ്പോഴും ശാസ്ത്രീയമായി കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കൂടാതെ ഉത്പാദന മേഖലയിൽ വലിയ പ്രതിസന്ധിയാണെന്നും കർഷകർ പറഞ്ഞു. രോഗങ്ങൾ വന്ന് ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.