Uae
പെപ്പറോണി ബീഫ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിച്ചു
ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ലിസ്റ്റീരിയ മോണോസൈറ്റോജീനുകള്‍ ബാക്ടീരിയ ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ഉത്പന്നം പരിശോധനയില്‍.
ദുബൈ | പെപ്പറോണി ബീഫ് ഉത്പന്നങ്ങള്‍ യു എ ഇ വിപണികളില്‍ നിന്ന് പിന്‍വലിക്കാന്‍ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ലിസ്റ്റീരിയ മോണോസൈറ്റോജീനുകള്‍ ബാക്ടീരിയ ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ഉത്പന്നം പരിശോധനയിലാണെന്ന് മന്ത്രാലയം അറിയിച്ചു. പ്രാദേശിക നിയന്ത്രണ അധികാരികളുമായും സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായും ഏകോപിച്ചുള്ള പരിശോധനയാണ് മന്ത്രാലയം നടത്തുന്നത്.
ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാവുകയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതു വരെ ഉത്പന്നം യു എ ഇ വിപണികളില്‍ നിന്ന് പിന്‍വലിക്കുന്നതിന് ഉത്പാദക കമ്പനിയുമായി ഏകോപനം നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷയ്ക്ക് അധികൃതര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ അധികാരികളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യ വൈവിധ്യത്തിനായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സല്‍മാന്‍ അല്‍ ഹമാദി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.