Connect with us

smrthi

അമൂർത്തകലയിലെ പൂർണത

ശുദ്ധ അമൂർത്തം എന്നു പറയാവുന്ന ചിത്രങ്ങൾ വരക്കുന്ന കലാകാരന്മാർ ഇന്ത്യൻ കലയിൽ അപൂർവമായിരുന്ന കാലത്താണ് അച്യുതൻ കൂടല്ലൂർ തന്റെ സംഗീതാത്മകമായ ചിത്രങ്ങൾ വരക്കാൻ തുടങ്ങുന്നത്. കണ്ണുകളിൽ പൂരിപ്പിക്കപ്പെടുന്ന നിറങ്ങളുടെ സംഗീതമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ആദ്യത്തെ ആകർഷണം. എന്നാൽ തന്റെ ക്യാൻവാസിൽ അദ്ദേഹം തിരഞ്ഞെടുക്കുന്ന നിറങ്ങൾ ഒരു ദേശത്തിന്റെ, സംസ്കാരത്തിന്റെ വർണ പാരമ്പര്യത്തെ ഓർമിപ്പിക്കുന്നുണ്ട്.

Published

|

Last Updated

ഇന്ത്യൻ ചിത്രകലയിലെ അമൂർത്ത ചിത്രകല (abstract) യിൽ ഗൗരവമായി ഇടപെട്ട കലാകാരന്മാർ എണ്ണത്തിൽ വളരെ കുറവാണ്. റാസ, രാംകുമാർ, ജെ സ്വാമിനാഥൻ തുടങ്ങിയവരെപ്പോലെ ഇന്ത്യൻ ചിത്രകലക്ക് ഗണ്യമായ സംഭാവനകൾ ചെയ്ത കലാകാരനാണ് ഈയിടെ വിട വാങ്ങിയ അച്യുതൻ കുടല്ലൂർ.
1945ൽ പാലക്കാട് കൂടല്ലൂരിലാണ് അച്യുതൻ കുടല്ലൂർ ജനിക്കുന്നത്. എൻജിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം യാദൃച്ഛികമായാണ് ദൃശ്യകലയിൽ എത്തിപ്പെടുന്നത്.

മദ്രാസ് സ്കൂൾ ഓഫ് ആർട്ടിലെ ആർട്ട് ക്ലബ്ബിൽചേർന്നതാണ് അച്യുതൽ കുടല്ലൂരിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് ഇവിടെ വെച്ചാണ് .
മദ്രാസ് ആർട്ട് സ്കൂളും, കെ സി എസ് പണിക്കർ സ്ഥാപിച്ച ചോള മണ്ഡലം ആർട്ടിസ്റ്റ് വില്ലേജും അമൂർത്തകലയോട് ചേർന്നു നിൽക്കുന്ന താന്ത്രിക് കലയെ പിൻതുടർന്നിരുന്ന കാലത്താണ് അച്യുതൻ കുടല്ലൂർ തന്റെ കലാജീവിതം തുടങ്ങുന്നത് .

നേരത്തെ കഥകൾ എഴുതുമായിരുന്ന അദ്ദേഹം ദൃശ്യകലയിൽ എത്തിച്ചേർന്നത് യാദൃച്ഛികമായാണ്. എം ടി വാസുദേവൻ നായരുടെ ബന്ധുവായ അച്യുതൻ കുടല്ലൂർ, എം ടി യുടെ പ്രേരണയിലാണ് മദ്രാസിലേക്ക് പോകുന്നത് .
ശുദ്ധ അമൂർത്തം എന്നു പറയാവുന്ന ചിത്രങ്ങൾ വരക്കുന്ന കലാകാരൻമാർ ഇന്ത്യൻ കലയിൽ അപൂർവമായിരുന്ന കാലത്താണ് അച്യുതൻ കൂടല്ലൂർ തന്റെ സംഗീതാത്മകമായ ചിത്രങ്ങൾ വരക്കാൻ തുടങ്ങുന്നത്. കണ്ണുകളിൽ പൂരിപ്പിക്കപ്പെടുന്ന നിറങ്ങളുടെ സംഗീതമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ആദ്യത്തെ ആകർഷണം. എന്നാൽ തന്റെ ക്യാൻവാസിൽ അദ്ദേഹം തിരഞ്ഞെടുക്കുന്ന നിറങ്ങൾ ഒരു ദേശത്തിന്റെ, സംസ്കാരത്തിന്റെ വർണ പാരമ്പര്യത്തെ ഓർമിപ്പിക്കുന്നുണ്ട്. കേരളീയ ദൃശ്യങ്ങളുടെ അമൂർത്തമായ ദൃശ്യാവിഷ്കാരമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതും. നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലും പ്രയോഗിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന ജാഗ്രത ശ്രദ്ധേയമാണ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ കലാ സൃഷ്ടികളെ മൂല്യവത്താക്കുന്നതും.

കേരളത്തിൽ അമൂർത്ത ചിത്രകലക്ക് ഒരു കാലത്തും വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മോഡേൺ ആർട്ട് എന്ന പേരിൽ കേരളത്തിൽ പ്രചരിച്ചിരുന്ന അമൂർത്തകലയുടെ വികലമായ അനുകരണമായിരുന്നു. ആഴമില്ലാത്ത ഈ കലാപ്രകടനങ്ങൾ പരിഹാസ്യമായിരുന്നു പലപ്പോഴും. എന്നാൽ അച്യുതൻ കുടല്ലൂർ മദ്രാസിൽ താമസിച്ചാണ് തന്റെ രചനകൾ നടത്തിയിരുന്നത്. ഇത് ബാഹ്യസമ്മർദങ്ങളൊന്നുമില്ലാതെ കലാ പ്രവർത്തനം നടത്താൻ അദ്ദേഹത്തെ സഹായിച്ചിരിക്കാം.

അമൂർത്ത ചിത്രകലയുടെ ഗൗരവവും ആഴവും കാണിക്കുന്നതാണ് അച്യുതൻ കുടല്ലൂരിന്റെ സൃഷ്ടികൾ. ഒരു കലാകാരനെന്ന രീതിയിലും വ്യക്തി എന്ന രീതിയിലും തെളിഞ്ഞതും ലളിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
അന്തർ ദേശീയ തലത്തിൽ ശ്രദ്ധേയനായിട്ടു കൂടി ഒരു മലയാളി കലാകാരനായ അച്യുതൻ കുടല്ലൂരിനെ കേരളീയർ വേണ്ടവണ്ണം അറിയുകയോ ആദരിക്കുകയോ ചെയ്തിരുന്നില്ല എന്നത് അദ്ദേത്തിന്റെ വിയോഗത്തിൽ നമ്മളെ നൊമ്പരപ്പെടുത്തുന്നുണ്ട്. എന്നാൽ അച്യുതൻ കുടല്ലൂരിനെ സംബന്ധിച്ചിടത്തോളം തന്റെ കലയിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത ജീവിതത്തിലും പുലർത്തിയതായി കാണാം. തന്നെ മലയാളികൾ അറിയുകയോ ആദരിക്കുകയോ ചെയ്യാത്തതൊന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ അലട്ടിയിരുന്നില്ല.

മനുഷ്യ രൂപങ്ങളോ മറ്റ് വ്യക്തമായ രൂപങ്ങളോ ഇല്ലാതെ നിറങ്ങൾ കൊണ്ട് മാത്രം അനുഭവങ്ങളെയും അനുഭൂതികളെയും ക്യാൻവാസിൽ ആവിഷ്കരിക്കാൻ കഴിഞ്ഞ അപൂർവം ഇന്ത്യൻ കലാകാരന്മാരിൽ ഒരാളാണ് അച്യുതൻ കുടല്ലൂർ. അദ്ദേഹത്തിന്റെ സൃഷ്ടികൾ വരുംകാലങ്ങളിൽ അർഹിക്കുന്ന പരിഗണനയും ആദരവും നേടുമെന്ന് പ്രതീക്ഷിക്കാം.

Latest