Connect with us

From the print

പെരിന്തല്‍മണ്ണ സമ്മേളനം; ലീഗ് നേതൃത്വത്തിനെതിരെ തുറന്ന പോര്‍മുഖവുമായി ഇ കെ വിഭാഗം

പട്ടിക്കാട് ജാമിഅ നൂരിയ്യ സമസ്തയുടെ സ്ഥാപനമാണെന്ന് സമർഥിക്കാനും ഇപ്പോള്‍ സ്ഥാപനത്തിന്റെ നേതൃനിരയിലുള്ളവര്‍ക്ക് കനത്ത താക്കീത് നല്‍കാനുമാണ് സംഗമത്തില്‍ നേതാക്കള്‍ ശ്രദ്ധിച്ചത്

Published

|

Last Updated

കോഴിക്കോട് | പെരിന്തല്‍മണ്ണയിലെ പ്രതിഷേധ സംഗമത്തോടെ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ഇ കെ വിഭാഗം ആരംഭിച്ചത് തുറന്ന പോര്‍മുഖം. ഇ കെ വിഭാഗം മുശാവറ അംഗം അസ്ഗറലി ഫൈസിയെ ലീഗ് അധീനതയിലുള്ള പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധം അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മയായ അന്‍വാറു ത്വലബ സ്റ്റുഡന്റ്‌സ് അസ്സോസിയേഷനാണ് സംഘടിപ്പിച്ചതെങ്കിലും ലീഗ് വിരുദ്ധ പക്ഷത്തെ പ്രമുഖരെല്ലാം വേദിയില്‍ അണിനിരന്നു.

കൂടാതെ, വലിയ രീതിയില്‍ സമ്മേളനത്തിന് പ്രവർത്തകരെ എത്തിക്കാനും സാധിച്ചു. മുശാവറ അംഗങ്ങളില്‍ ചിലര്‍ പരിപാടിക്ക് പങ്കെടുക്കണമെന്ന് ആലോചിച്ചിരുന്നെങ്കിലും തലേ ദിവസം ചേര്‍ന്ന അനൗദ്യോഗിക യോഗത്തിൽ വേണ്ടെന്ന് വെക്കുകയായിരുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ്യ സമസ്തയുടെ സ്ഥാപനമാണെന്ന് സമർഥിക്കാനും ഇപ്പോള്‍ സ്ഥാപനത്തിന്റെ നേതൃനിരയിലുള്ളവര്‍ക്ക് കനത്ത താക്കീത് നല്‍കാനുമാണ് സംഗമത്തില്‍ നേതാക്കള്‍ ശ്രദ്ധിച്ചത്. സമസ്ത ശിപാര്‍ശ ചെയ്യുന്ന മെമ്പര്‍മാരെ മാത്രമേ ജനറല്‍ ബോഡിയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന് ജാമിഅയുടെ ഭരണഘടന അനുശാസിക്കുന്നതായി സമ്മേളനത്തില്‍ പ്രസംഗിച്ച ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി.
“സുന്നത്ത് ജമാഅത്താണ് ഹഖ്. അത് ആര്‍ക്ക് ഇഷ്ടപ്പെട്ടോ ഇല്ലേ എന്നതല്ല. അതിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജോലി തെറിച്ചേക്കാം, ബഹിഷ്‌കരിച്ചേക്കാം, അതുമല്ലെങ്കില്‍ പീഡിപ്പിച്ചേക്കാം. അപ്പോഴൊന്നും പതറിപ്പോകരുത്’- മുസ്തഫ മുണ്ടുപാറ അണികളെ ഓര്‍മിപ്പിച്ചു.
ആശയപരമായ കാര്യങ്ങള്‍ പറയുന്നവരെ പാണക്കാട് വിരോധികളും ലീഗ് വിരുദ്ധരും കമ്മ്യൂണിസ്റ്റുകാരുമായി മുദ്രകുത്തുകയാണ്. ഇത്തരം തെറിയഭിഷേകം നടത്തിയാല്‍ സുന്നത്ത് ജമാഅത്തിന്റെ ആശയ തീവ്രതയുള്ളവര്‍ അടങ്ങിയിരിക്കുമെന്നാണ് വിചാരമെങ്കില്‍ അത് നടക്കില്ല. മഹല്ലിലെ ഖത്വീബുമാരെയും മുഅല്ലിമുകളെയും പിരിച്ചുവിടാനും വേട്ടയാടാനുമാണ് ചിലര്‍ നടക്കുന്നത്. അങ്ങനെയുള്ളവര്‍ അനുഭവിച്ചേ അടങ്ങൂവെന്ന് സത്താര്‍ പന്തല്ലൂരും പറഞ്ഞു.
പരിശുദ്ധ മതത്തിന്റെ അകത്തു നിന്ന് ചാരപ്പണിയെടുക്കുകയാണ് ചിലരെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത യുവജന വിഭാഗം കോഴിക്കോട് ജില്ലാ പ്രസിഡന്റ്ടി പി സി തങ്ങള്‍ തുറന്നടിച്ചു. ബൈലോ അനുസരിച്ച് സമസ്തയുടെ സ്ഥാപനമാണ് ജാമിഅ നൂരിയ്യ. അതിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ ആര്‍ക്കും കയറി മേയാമെന്ന് കരുതേണ്ട. ആദര്‍ശ വ്യതിയാനമുള്ളവര്‍ സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുന്നി ആദര്‍ശം പറഞ്ഞതിന്റെ പേരില്‍ അസ്ഗറലി ഫൈസിയെ പുറത്താക്കിയത് ധിക്കാരമാണ്. സമസ്തയുടെ സ്ഥാപനങ്ങളെ മസില്‍ പവറുകൊണ്ട് പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. കോമാളികളായ ചിലര്‍ വിചാരിച്ചാല്‍ എല്ലാം നടക്കുമെന്ന് കരുതേണ്ട- അദ്ദേഹം പറഞ്ഞു.

ഇ കെ വിഭാഗം- മുസ്‌ലിം ലീഗ് തർക്കം രൂക്ഷമായതോടെ കഴിഞ്ഞ മാസം ഒന്നിന് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളുടെയും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും നേതൃത്വത്തില്‍ അനുരഞ്്ജന ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഇതോടെ കാര്യങ്ങൾ സമാധാനപരമായെങ്കിലും 25 ദിവസം പിന്നിട്ടപ്പോഴേക്ക് സ്വാദിഖലി തങ്ങള്‍ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് അസ്ഗറലി ഫൈസിയെ പിരിച്ചുവിടുകയായിരുന്നു.
ന്യായാധിപനായും വേട്ടക്കാരനായും ചിലർ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച് സമ്മേളനത്തില്‍ നേതാക്കള്‍ പ്രതികരിച്ചത്. ഫാസിസത്തിനെതിരെ മതേതര കൂട്ടായ്മയുണ്ടാക്കുന്നു, ക്രിസ്ത്യന്‍ സമൂഹത്തെയും തബ്‌ലീഗിനെയും മൗദൂദികളെയും ചേര്‍ത്തുപിടിക്കുന്നു. സമസ്തയുടെ പ്രവര്‍ത്തകരെ കൂട്ടിപ്പിടിക്കാന്‍ ഇവര്‍ക്ക് സമയമില്ല. ഇതൊന്നും കഴിയാത്തവരല്ല നേതാക്കള്‍. പ്രതികാര നടപടിയാണ് ഇവർക്കെന്നും സമ്മേളനത്തിന്റെ ഉദ്ഘാടകനായ ടി പി സി തങ്ങള്‍ വ്യക്തമാക്കി.
സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ സംരക്ഷിക്കാന്‍ എസ് കെ എസ് എസ് എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ജനറല്‍ സെക്രട്ടറി ഒ പി എം അശ്‌റഫ് പറഞ്ഞു. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാന്‍ ആര് നുഴഞ്ഞു കയറിവന്നാലും അവരെ വലിച്ചു താഴെയിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest