Connect with us

Kerala

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പു കേസ്; ബാലറ്റ്പെട്ടി ഇന്ന് ഹൈക്കോടതിയില്‍ വച്ച് തുറന്ന് പരിശോധിക്കും

ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയില്‍ ഉച്ചക്ക് രണ്ടരക്കാണ് പരിശോധന

Published

|

Last Updated

കൊച്ചി | പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പു കേസില്‍ ബാലറ്റ്പെട്ടി ഇന്ന് ഹൈക്കോടതിയില്‍ വച്ച് തുറന്ന് പരിശോധിക്കും. പെട്ടിയുടെ സീല്‍ പൊളിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പരിശോധിക്കാന്‍ ഹരജിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതി അനുവാദം നല്‍കിയിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയില്‍ ഉച്ചക്ക് രണ്ടരക്കാണ് പരിശോധന. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടുന്ന ബാലറ്റ് ബോക്സുകള്‍ കാണാതായതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വോട്ടെടുപ്പില്‍ ഒരുക്കിയിരുന്ന മൂന്ന് ടേബിളില്‍ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോക്സിന്റെ വലിപ്പമടക്കം വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് പെട്ടി കണ്ടെടുത്തത്. രജിസ്ട്രാറുടെ നേതൃത്വത്തില്‍ പെട്ടിയുടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു.

സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഓഫീസുകളിലെ നാലു ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സി എന്‍ പ്രതീഷ്, നിലവില്‍ തിരുവനന്തപുരത്ത് ജോയിന്റ് രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവര്‍ക്കാണ് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കിയത്. ഇതിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും ചെയ്തു.

 

Latest