Connect with us

Kerala

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല

. വിചാരണവേളയില്‍ മാത്രം ബാലറ്റ് പരിശോധിച്ചാല്‍ മതിയെന്നായിരുന്നു നജീബിന്റെ വാദം

Published

|

Last Updated

ന്യൂഡല്‍ഹി |  പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ എം എല്‍ എ നജീബ് കാന്തപുരത്തിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. നജീബിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈകോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി, എല്ലാ വിഷയങ്ങളും ഹൈകോടതി പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. വിചാരണവേളയില്‍ മാത്രം ബാലറ്റ് പരിശോധിച്ചാല്‍ മതിയെന്നായിരുന്നു നജീബിന്റെ വാദം. എന്നാല്‍ ഇത് തള്ളിയ സുപ്രീം കോടതി ഇക്കാര്യം അടക്കമുള്ളവ ഹൈകോടതി തീരുമാനിക്കട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹരജി പരിഗണിച്ചത്.

പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി സി പി എം സ്വതന്ത്രന്‍ കെ പി മുഹമ്മദ് മുസ്തഫയാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ട് സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300ഓളം വോട്ട് തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്.കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവ പരിശോധിക്കാന്‍ കക്ഷികള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഈ പെട്ടിയും തിരഞ്ഞെടുപ്പ് രേഖകളും പൂട്ടി മുദ്രവെച്ച് ഹൈകോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

നവംബര്‍ 23ന് പെരിന്തല്‍മണ്ണ നിയമസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ ചെയ്ത തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ വരണാധികാരിയായിരുന്ന ജില്ല കലക്ടര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് രോഗികളുടേതടക്കം പോള്‍ ചെയ്ത 348 വോട്ടുകള്‍ വരണാധികാരി നിരസിച്ചത് നിയമവിരുദ്ധമാണെന്നും വോട്ടെണ്ണലിന്റെ വിഡിയോ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡുകള്‍ ഹാജരാക്കണമെന്നുമുള്ള ഹരജിക്കാരന്റെ ആവശ്യം അനുവദിച്ചാണ് ജസ്റ്റിസ് സി എസ് സുധയുടെ നിര്‍ദേശം.എതിര്‍ സ്ഥാനാര്‍ഥി കെ.പി.എം. മുസ്തഫയുടെ ഹരജി നിലനില്‍ക്കുമെന്ന ഹൈകോടതി ഉത്തരവിനെതിരായ നജീബ് കാന്തപുരത്തിന്റെ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതിയെ മുമ്പ് വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹരജി പിന്‍വലിക്കുകയായിരുന്നു.