സാഹിത്യം
കുറ്റാന്വേഷണ സാഹിത്യത്തിന്റെ കാലഭേദങ്ങൾ
കുറ്റാന്വേഷണ സാഹിത്യത്തിന് സ്വീകാര്യതയേറിക്കൊണ്ടിരിക്കെ മുൻനിര സാഹിത്യകാരിൽ നിന്നും മികച്ച രചനകൾ ക്രൈം ജോണറുകളിലുണ്ടായി.ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ, ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര, പച്ച മഞ്ഞ ചുവപ്പ് എന്നീ കൃതികൾ തീർത്തും പുതുകാലത്തെ കുറ്റാന്വേഷണ ശൈലിയിലുള്ള നോവൽ രചനകളാണ്. ക്രൈം ഫിക്്ഷനുകളുടെ സ്വീകാര്യതയെ സൂചിപ്പിക്കുന്നതാണ് പ്രമുഖരായ എഴുത്തുകാരും ഈ മേഖലയിൽ ഗൗരവപരമായി രചനകൾ നടത്തുക വഴി സാക്ഷ്യപ്പെടുത്തുന്നത്.
സസ്പെൻസും നിഗൂഢതയും ക്രൈം നോവലിലെ ഏറ്റവും കൗതുകകരമായ രണ്ട് വിഭാഗങ്ങളാണ്. ചില നോവലുകളിൽ ഇവ പലപ്പോഴും പരസ്പര പൂരകങ്ങളായി ഇണചേർന്ന് കിടക്കുന്നതു കാണാം. ടി ഡി രാമകൃഷ്ണന്റെ “ഫ്രാൻസിസ് ഇട്ടിക്കോര’ ഒരു കഥയുടെ പ്ലോട്ടിനെ വിശാല ചിന്താധാരയിലേക്ക് നയിച്ചു നിഗൂഢതയുടെ അണുപ്രേരണങ്ങൾ പടർത്തിവിടുന്നു.ഒരു ക്ലാസിക് ജേർണലിൽ അപൂർവമായി വരുന്ന മിസ്റ്റിക് റെവല്യൂഷൻ. ഈ നോവലിനുശേഷം അതേ ഗണത്തിൽപ്പെടുത്താവുന്ന മറ്റൊരു നോവലാണ് സുരേന്ദ്രൻ മങ്ങാട്ടിന്റെ “രാജമുദ്ര കേസ് ഡയറി’.
സജിത എന്ന ഒരു സാധാരണ സ്ത്രീ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന നോവലാണിത്. അതോടൊപ്പം തന്നെ അവരുടെ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു. ഒരു വായനക്കാരനെ ആകർഷിക്കാൻ കഴിയുന്ന, അഥവാ നിങ്ങളാൽ ആകർഷിക്കപ്പെടുന്ന മനോഹാരിത നിറഞ്ഞ മുഹൂർത്തങ്ങളെ കൊണ്ട് പൂർണമായി വിസ്മയിപ്പിക്കുന്ന മികച്ച നോവലാണിത്. ആൽഫ്രഡ് ഹിച്ച്‌കോക്കിനെപ്പോലുള്ളവർ മുതൽ ഷെർലോക് ഹോംസിനെപ്പോലുള്ള ആധുനിക മാവെറിക്സ് വിഭാഗത്തിൽപ്പെട്ട നിഗൂഢ സ്വഭാവ ഗണത്തിൽപ്പെടുത്താവുന്ന നോവലുകൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും കഥയുടെ കൗതുകകരമായ ഈ വിഭാഗത്തിൽ നിന്ന് പുതിയതായി ഇറങ്ങിയ രാജമുദ്ര കേസ് ഡയറി മനസ്സിന്റെ അടിത്തട്ടിൽ ചിന്തകൾക്ക് യാതൊരു പിടിയും കൊടുക്കാതെ വശ്യമായ പുനർ പഠനത്തിന് ഉതകുന്നതും അല്ലെങ്കിൽ പുനർനിർവചിക്കാൻ പറ്റാത്തതുമായ നിർമിതിയാണ്.
ക്രൈം നോവലുകളുടെ വായനക്കാർ ഭൂരിഭാഗവും ഇതിനകം അഗത ക്രിസ്റ്റി, സിഡെനി ഷെൽഡൺ, സ്റ്റീഫൻ കിംഗ് എന്നിവരുടെ നോവലുകൾ വായിച്ചിട്ടുണ്ടാകുമല്ലോ. ഇതേ വിഭാഗത്തിൽ പിറന്ന ധാരാളം ക്ലാസിക് നോവലുകളുടെ കൂടെ ചേർക്കാവുന്ന ഒരു മലയാള ക്രൈം നോവലാണിത്. ഒരു സ്ത്രീയുടെ കൊലപാതകത്തിലൂടെ തുടങ്ങി അതിന്റെ ആന്തരിക പ്രയാണങ്ങളിലൂടെ, നിരന്തരമായ പിരിമുറുക്കങ്ങളിലൂടെ വായനക്കാരന് യാതൊരു പിടിയും തരാതെ കഥാന്ത്യം വരെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്താൻ സുരേന്ദ്രൻ മങ്ങാട്ടിന് കഴിഞ്ഞിട്ടുണ്ട്.സജിതയെന്ന കൗമാരക്കാരിയിൽ നിന്നും ആജ്ഞാ ശേഷിയുള്ള ഒരു മധ്യവയസ്കയുടെ ജീവിതത്തിലൂടെ കയറിയിറങ്ങി പോകുന്ന കുറെയേറെ മുഖവ്യക്തതയുള്ള കഥാപാത്രങ്ങളെ നോവലിൽ കാണാം.
പുതുകാല കുറ്റാന്വേഷണ സാഹിത്യത്തിന് വ്യത്യസ്ത എഴുത്തു വഴി വെട്ടിത്തെളിച്ചത് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ടി പി രാജീവന്റെ പ്രശസ്തമായ നോവലിലൂടെയാണ്. അതുവരെ പിന്തുടർന്നു വന്ന കുറ്റാന്വേഷണ എഴുത്തുശൈലിയായിരുന്നില്ല ആ കൃതിയിൽ യശഃശരീരനായ ടി പി രാജീവൻ സ്വീകരിച്ചത്.
മുൻകാല എഴുത്തുകാരിൽ മലയാള കുറ്റാന്വേഷണ നോവൽ സാഹിത്യത്തെ പരിപോഷിപ്പിച്ചതും ജനപ്രിയമാക്കിയതും കോട്ടയം പുഷ്പനാഥ് ആയിരുന്നു. നീലകണ്ഠൻ പരാമാര, കേണൽ പ്രസാദ്, തോമസ് ടി അമ്പാട്ട്, രാമചന്ദ്രൻ തുടങ്ങിയ ഡിറ്റക്ടീവ് നോവലെഴുത്തുകാർ സ്വന്തം പേരിലും തൂലികാനാമങ്ങളിലും അക്കാലത്തെ വാരികകളിലും പുസ്തകങ്ങളിലും നിറഞ്ഞു നിന്നു. തുടർന്നുവന്ന മെഴുവേലി ബാബുജി, ബാറ്റൺ ബോസ് തുടങ്ങിയ എഴുത്തുകാരിലൂടെ വളർന്ന കുറ്റാന്വേഷണ സാഹിത്യം അക്കാലത്തൊക്കെ രണ്ടാംനിര എഴുത്ത് എന്ന നിലയിലാണ് മലയാള സാഹിത്യലോകം കണ്ടിരുന്നത്.
ടി പി രാജീവൻ, ജി ആർ ഇന്ദുഗോപൻ എന്നിവരുടെയൊക്കെ രചനകൾ സാഹിത്യ ഗുണമേന്മ കൊണ്ട് തന്നെ കുറ്റാന്വേഷണകഥാ രംഗത്തെ ഗൗരവമുള്ളതാക്കി മാറ്റാൻ കഴിഞ്ഞു. ആ ശ്രേണിയിൽ പെടുന്ന രചനകളുമായി എത്തിയ ലാജോ ജോസ്, സുരേന്ദ്രൻ മങ്ങാട്ട് തുടങ്ങിയ സൂക്ഷ്മനിരീക്ഷണമുള്ള എഴുത്തുകാർ കുറ്റാന്വേഷണ സാഹിത്യത്തിൽ സാമൂഹിക ജീവിതത്തെയും ചരിത്രത്തെയുമൊക്കെ ചേർത്തു വെച്ചു. പുരാണേതിഹാസങ്ങളെ അവലംബിച്ചും വ്യത്യസ്ത ശ്രേണിയിൽപ്പെട്ടതുമായ നോവലുകളും കഥകളും രചിച്ച സുരേന്ദ്രൻ മങ്ങാട്ടിന്റെ രാജമുദ്ര കേസ് ഡയറി, കാലത്തിന്റെ തലേവരകൾ എന്നീ നോവലുകൾ കുറ്റാന്വേഷണത്തിനൊപ്പം സാമൂഹിക ജീവിതവും കുടുംബ ബന്ധങ്ങളും വിഷയമാകുന്ന കൃതികളാണ്. ലാജോ ജോസിന്റെ കോഫി ഹൗസ്, റൂത്തിന്റെ ലോകം, കന്യാ മരിയ എന്നീ നോവലുകൾ കുറ്റാന്വേഷണ നോവലെഴുത്തിന്റെ നവീന രീതികൾ കൈയാളുന്നവയാണ്.
പ്രമേയ സ്വീകരണത്തിലെ വൈദഗ്ധ്യം കൊണ്ട് ഓരോ നോവലും ഉദ്വേഗജനകമാക്കാൻ ലാജോ ജോസിന് കഴിയുന്നുണ്ട്. ശ്രീപാർവതി പോയട്രി കില്ലർ എന്ന തന്റെ നോവലിലൂടെ നിഗൂഢതകളുടെ സൗന്ദര്യശാസ്ത്രം വായനക്കാരിലേക്ക് പകരുന്നുണ്ട്.ജി ആർ ഇന്ദുഗോപൻ ഡിറ്റക്ടീവ് പ്രഭാകരനെ അപസർപ്പക സാഹിത്യത്തിലേക്ക് പ്രതിഷ്ഠിക്കുന്നതോടൊപ്പം ഒരുപിടി സംഭ്രമജനകമായ കഥകളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയുണ്ടായി.
അൻവർ അബ്ദുള്ള, അനുരാഗ് ഗോപിനാഥ്, ആദർശ് എസ്, റിഹാൻ റാഷിദ്, ജിസ ജോസ്, ശ്രീജേഷ് ടി പി, ശിവൻ എടമന, രജത് ആർ, അജിത്ത് ഗംഗാധരൻ തുടങ്ങിയ പുതിയ ക്രൈം നോവലെഴുത്തുകാരുടെ പട്ടിക ഇനിയും നീണ്ടുകിടക്കുന്നു.കുറ്റാന്വേഷണ സാഹിത്യത്തിന് സ്വീകാര്യതയേറിക്കൊണ്ടിരിക്കെ മുൻനിര സാഹിത്യകാരിൽ നിന്നും മികച്ച രചനകൾ ക്രൈം ജോണറുകളിലുണ്ടായി.
ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ, ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര, പച്ച മഞ്ഞ ചുവപ്പ് എന്നീ കൃതികൾ തീർത്തും പുതുകാലത്തെ കുറ്റാന്വേഷണ ശൈലിയിലുള്ള നോവൽ രചനകളാണ്. ക്രൈം ഫിക്്ഷനുകളുടെ സ്വീകാര്യതയെ സൂചിപ്പിക്കുന്നതാണ് പ്രമുഖരായ എഴുത്തുകാരും ഈ മേഖലയിൽ ഗൗരവപരമായി രചനകൾ നടത്തുക വഴി സാക്ഷ്യപ്പെടുത്തുന്നത്.