Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം.

Published

|

Last Updated

കാസര്‍കോട്| പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ  പ്രഖ്യാപിച്ചു. കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്.

നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് വിധി. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി

ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന് 14ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി , 22ാം പ്രതി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചത്.

പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. രാവിലെ 11 ന് കോടതി ശിക്ഷയില്‍ വാദം കേട്ടിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികള്‍ അല്ലെന്നും, അതിനാല്‍ വധശിക്ഷ പോലെ പരമാവധി ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പെടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി.

കഴിഞ്ഞ ദിവസം കെ വി കുഞ്ഞിരാമന്‍, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.

 

 

Latest