Connect with us

Kerala

പെരിയ ഇരട്ടക്കൊല കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍

പത്ത് പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും

Published

|

Last Updated

കാസര്‍കോട്|  പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗുഢാലോചനയും തെളിഞ്ഞു. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.  ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.

9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

ആറു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷമാണ് കൊച്ചി സിബിഐ കോടതിയുടെ വിധി. എറണാകുളം സിബിഐ കോടതി ജഡ്ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്.കേസില്‍ 270 സാക്ഷികളാണുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.

കേസിലെ വിധി കേട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ മാതാവ് ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് വ്യക്തമാക്കി.

2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം.

കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നിരുന്നു. യോഗത്തില്‍ പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

 

Latest