Kerala
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു
ജയിലിന് മുന്നിലെത്തി പ്രതികളെ നേരിട്ടുകണ്ട് പി ജയരാജന്‍
കണ്ണൂര്‍ | പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഒമ്പതുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും പത്താംപ്രതിയുടെയും അപേക്ഷ പരിഗണിച്ചാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇവരെ മാറ്റിയത്.
ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതികളെ സിപിഎം പ്രവര്‍ത്തകര്‍ വരവേറ്റത് . പ്രതികളെ ജയിലിലെത്തിക്കുന്നതിന് പത്ത്മിനിറ്റ് മുമ്പ് സി പി എം നേതാവ് പി ജയരാജന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെത്തി.കുറ്റവാളികൾക്ക് തന്റെ പുസ്തകം സമ്മാനിച്ചതായി പി ജയരാജന്‍ പറഞ്ഞു.രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്.എന്നാൽ ഒട്ടേറെ അക്രമസംഭവങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്.വലതുപക്ഷ മാധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധജ്വരം പിടിപെട്ടിരിക്കുന്നത് കൊണ്ട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പി.ജയരാജൻ വിമർശിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സി പി എം നേതാവും മുന്‍ ഉദുമ എം എല്‍ എ യുമായ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവര്‍ഷത്തെ തടവിനുമാണ് കൊച്ചി സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.