Kerala
പെരിയ ഇരട്ട കൊലക്കേസ്; പതിനാലാം പ്രതി കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്
പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി

കാസര്‍കോട്|പെരിയ ഇരട്ട കൊലപാതകക്കേസ് പതിനാലാം പ്രതിയായ കെ മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മണികണ്ഠന്‍. പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി. മാര്‍ച്ച് 11ന് നേരിട്ട് ഹാജരാകാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം കെ ബാബുരാജാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കേസില്‍ മണികണ്ഠന്‍, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ എന്നിവരടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കഴിഞ്ഞ മാസം മൂന്നിന് ശിക്ഷ വിധിച്ചിരുന്നു.
കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം.
2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും പ്രതികള്‍ കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.