Connect with us

Kerala

പെരിയ ഇരട്ടക്കൊല കേസ്: കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി

കെ.വി കുഞ്ഞിരാമന്‍, സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ജയില്‍ മോചിതരായത്.

Published

|

Last Updated

കൊച്ചി| പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി അഞ്ചു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്ത ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു. കെ.വി കുഞ്ഞിരാമന്‍, സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ജയില്‍ മോചിതരായത്.

പ്രതികളെ സ്വീകരിക്കാനായി കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ എന്നിവര്‍ ജയിലില്‍ എത്തി. സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് സ്വീകരണമൊരുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം.

ഇന്നലെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ജയിലിലെത്തിയിരുന്നു. അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷക്ക് സ്റ്റേയുള്ളത്. അഞ്ച് വര്‍ഷം തടവും 1000 രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം.

 

 

Latest