Kerala
പെരിയ ഇരട്ടക്കൊല കേസ്; സി ബി ഐ കോടതി നാളെ വിധി പറയാനിരിക്കെ പോലീസ് റൂട്ട് മാര്‍ച്ച്
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്

കാസര്‍കോഡ് | പെരിയ ഇരട്ടക്കൊലപാതക കേസില്‍ നാളെ സി ബി ഐ കോടതി വിധി പറയാനിരിക്കെ കല്യോട്ട് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പോലീസ് പ്രദേശത്ത് റൂട്ട് മാര്‍ച്ച് നടത്തി. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
സി ബി ഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ത്തു. ഇതില്‍ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സി ബി ഐയാണ് പത്തുപേരെക്കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനുപിന്നിലെ ഗൂഡാലോചനയിലാണ് സി ബി ഐ അന്വേഷണം കേന്ദ്രീകരിച്ചത്.
ഉദുമ മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമനെ ഗൂഢാലോചനയിലാണ് പ്രതിയാക്കിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സി പി എം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരേയും പിന്നീട് പ്രതികളാക്കി. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സി ബി ഐ കോടതിയില്‍ വിചാരണ തുടങ്ങിയത്. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയതോടെ കേസ് നടപടികള്‍ വിവാദമായിരുന്നു.