Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ്; രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി

പ്രതികളുടെ അപേക്ഷയില്‍ ജയില്‍ വകുപ്പ് പോലീസ് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.

Published

|

Last Updated

കണ്ണൂര്‍| പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി വന്ന് ഒന്നര മാസം തികയും മുമ്പ് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്. പ്രതികളുടെ അപേക്ഷയില്‍ ജയില്‍ വകുപ്പ് പോലീസ് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.

ജനുവരി മൂന്നിനാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷിച്ച പ്രതികള്‍ക്ക് ജീവപര്യന്തം തടവിനു പുറമെ ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. വിധി വന്ന് ഒന്നര മാസം തികയും മുമ്പ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

എന്നാല്‍ നിയമപരമായി പ്രതികള്‍ പരോളിന് അര്‍ഹരാണെന്നാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കുന്നത്. റിമാന്‍ഡ് കാലയളവ് ഉള്‍പ്പെടെ പ്രതികള്‍ രണ്ട് വര്‍ഷം തടവ് പൂര്‍ത്തിയായെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും പ്രതികള്‍ കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

 

 

Latest