Kerala
പെരിയ ഇരട്ടക്കൊല; സി പി എം നേതൃ പങ്ക് അടിവരയിടുന്ന കോടതി വിധിയെന്ന് കെ സുധാകരന്‍
കുറ്റം മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമനില്‍ മാത്രം ഒതുങ്ങില്ല
കണ്ണൂര്‍ | പെരിയ ഇരട്ടക്കൊല കേസില്‍ സി പി എം നേതൃത്വത്തിന്റെ പങ്ക് അടിവരയിടുന്നതാണ് സി ബി ഐ കോടതിയുടെ വിധിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൃഷേപിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി പി എം ഉന്നത നേതൃത്വം ആസൂത്രണം ചെയ്തതാണെന്നും അത് മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന തലം മുതലുള്ള നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. തുടര്‍ന്നുള്ള നിയമ പോരാട്ടത്തില്‍ അത് കോടതിയെ ബോധ്യപ്പെടുത്തും. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനാണ് സി പി എം ശ്രമിച്ചത്. കേസ് അട്ടിമറിക്കുന്നതിനും തടസ്സ ഹരജിക്കും മറ്റുമായി ഖജനാവില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ ചെലവാക്കി.
പ്രതികള്‍ക്ക് നിയമസഹായവും സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും ഉറപ്പാക്കി. ഏറെ വൈകിയെങ്കിലും അനുകൂലമായ വിധി ലഭിക്കാന്‍ ഇടയായത് കോടതിയുടെ സന്ദര്‍ഭോചിതവും സമയോചിതവുമായ ഇടപെടലിലൂടെയാണ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും സി പി എമ്മും ഇടപെടല്‍ നടത്തിയപ്പോഴെല്ലാം കോണ്‍ഗ്രസ്സും യു ഡി എഫും കേസിന് പിറകെ നിഴല്‍ പോലെയുണ്ടായിരുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.