Kerala
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
ചീഫ് കണ്‍ട്രോളര്‍ എന്ന അധികാരം ഉപയോഗിച്ചാവും വെടിക്കെട്ടിന് കലക്ടര്‍ അനുമതി നല്‍കുക

തൃശൂര്‍ | തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജന്‍ അറിയിച്ചു. എന്നാല്‍ പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസ്സമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
നിയമഭേദഗതി നടത്തേണ്ടത് കേന്ദ്രമാണ്. ചീഫ് കണ്‍ട്രോളര്‍ എന്ന അധികാരം ഉപയോഗിച്ചാവും വെടിക്കെട്ടിന് കലക്ടര്‍ അനുമതി നല്‍കുക. കേന്ദ്ര ഏജന്‍സിയായ പെസ്സോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ഇതെന്നും മന്ത്രി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും.
മെയ് ആറിനാണ് ഇത്തവണ തൃശൂര്‍ പൂരമെങ്കിലും വെടിക്കെട്ടിന് അനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. കേന്ദ്ര നിയമമാണ് പൂരം വെടിക്കെട്ടിന് പ്രതികൂലമായത്. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്നതാണ് പ്രധാന നിബന്ധന.