vlogger rifa mehnu
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി
ആർ ഡി ഒ ആണ് അനുമതി നൽകിയത്.
കോഴിക്കോട് | ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലുശേരി കാക്കൂര്‍ സ്വദേശിനിയും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘത്തിന് അനുമതി. ആർ ഡി ഒ ആണ് അനുമതി നൽകിയത്. രണ്ട് ദിവസം മുമ്പ് ഇതിനായി അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
നേരത്തെ മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കിയ പിതാവടക്കമുള്ള കുടുംബാംഗങ്ങള്‍ അന്വേഷണത്തിനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സന്നദ്ധത അറിയിച്ചിരുന്നു. മകളെ ഭര്‍ത്താവ് മെഹ്നാസ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയിരുന്നതായും മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പിതാവ് റാശിദ് പറഞ്ഞിരുന്നു. റിഫാ മെഹ്നുവിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മന്ത്രി എ കെ ശശീന്ദ്രനെ കണ്ടിരുന്നു. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്നും പിതാവ് റാഷിദ് മന്ത്രിയോട് പറഞ്ഞിരുന്നു.
ബോഡി പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെയാണ് ഭര്‍ത്താവ് നാട്ടിലെത്തിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിന്റെ സംസാരത്തിലും ദുരൂഹതയുണ്ടെന്നും പിതാവ് റാഷിദ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബൈ ജാഫിലിയയിലെ ഫ്ളാറ്റില്‍ റിഫ മെഹ്നുവിനെ മരിച്ച നിലയില്‍ കണ്ടത്.