Saudi Arabia
റൗളാ ശരീഫില്‍ നിസ്‌കാരത്തിന് അനുമതിപത്രം നിര്‍ബന്ധം; റൗളാ സിയാറത്തിന് അനുമതി ആവശ്യമില്ല
നിസ്‌കാരത്തിന് 'നുസ്‌ക്'' ആപ്ലിക്കേഷന്‍ വഴിയാണ് പെര്‍മിറ്റ് അപേക്ഷിക്കേണ്ടത്.

മദീന | പ്രവാചക നഗരിയായ മദീനാമുവ്വറയിലെ മസ്ജിദുന്നബവിയിലെ റൗളാ ശരീഫിലെ നിസ്‌കാരത്തിന് അനുമതി ആവശ്യമാണെന്ന് ഹറം കാര്യാലയം. എന്നാല്‍, റൗളാ സിയാറത്തിന് അനുമതി ആവശ്യമില്ലെന്നും കാര്യാലയം അറിയിച്ചു.
നിസ്‌കാരത്തിന് ‘നുസ്‌ക്” ആപ്ലിക്കേഷന്‍ വഴിയാണ് പെര്‍മിറ്റ് അപേക്ഷിക്കേണ്ടത്. റൗളയിലേക്കുള്ള പ്രവേശനം പുരുഷന്മാര്‍ക്ക് റമസാന്‍ ഒന്നു മുതല്‍ 19 വരെ പുലര്‍ച്ചെ 2.30 മുതല്‍ ഫജര്‍ നിസ്‌കാരം വരെയും രാവിലെ 11.30 മുതല്‍ മഗ്രിബ് നിസ്‌കാരം വരെയും സ്ത്രീകള്‍ക്ക് സുബ്ഹി നിസ്‌കാരത്തിനു ശേഷം രാവിലെ 11 വരെയും രാത്രി 11 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുമാണ് പ്രവേശനാനുമതി.
അനുഗൃഹീത മാസത്തില്‍ റൗളയിലെ ഇഫ്താറില്‍ പങ്കെടുക്കുന്നതിനായി തെക്കു ഭാഗത്തെ 4-5-37, പടിഞ്ഞാറു ഭാഗത്തെ 8-11, കിഴക്ക് ഭാഗത്തെ 34-32, വടക്ക് ഭാഗത്തെ 21-17-19 വാതിലുകള്‍ വഴിയാണ് പ്രവേശിക്കേണ്ടതെന്നും റമസാന്‍ മാസത്തെ തിരക്ക് കണക്കിലെടുത്ത് ജനറല്‍ പ്രസിഡന്‍സി ഓഫ് ദി അഫയേഴ്സ് ഫീല്‍ഡ് ഓപ്പറേഷന്‍ പ്ലാനാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും കാര്യാലയം വ്യക്തമാക്കി.