National
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഡല്‍ഹി വിജിലന്‍സ് വകുപ്പിനെ രാഷ്ട്രീയ ചാര പ്രവര്‍ത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി.
ന്യൂഡല്‍ഹി| ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) സ്നൂപ്പിംഗ് കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഡല്‍ഹി വിജിലന്‍സ് വകുപ്പിനെ രാഷ്ട്രീയ ചാര പ്രവര്‍ത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി.
പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) അഭ്യര്‍ത്ഥന ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന അംഗീകരിച്ചു, അത് എംഎച്ച്എയ്ക്ക് കൈമാറി. 2015ല്‍ഡല്‍ഹിയില്‍ ആം ആദ്മി പര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷമാണ് ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചത്. ഈ ഫീഡ്ബാക്ക് യൂണിറ്റ് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നതാണ് സിസോദിയക്കെതിരായ കേസ്.
ഡല്‍ഹി മദ്യനയ അഴിമതിയിലെ സി.ബി.ഐ എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 എന്നിവ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ കേസ്. നേരത്തെ ഒരു തവണ സിസോദിയയെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ 7 പേരാണ് കേസില്‍ അറസ്റ്റിലായത്.