Connect with us

National

രോഗിയായ ഭാര്യയെ കാണാന്‍ അനുമതി; മനീഷ് സിസോദിയ വീട്ടിലെത്തി

ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ഏഴുമണിക്കൂര്‍ സമയമാണ് ഭാര്യയെ കാണാന്‍ സിസോദിയക്ക് അനുവദിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അസുഖബാധിതയായ ഭാര്യയെ കാണാന്‍ വീട്ടിലെത്തി. ഡല്‍ഹി റോസ് അവന്യു കോടതിയുടെ അനുമതിയോടെയാണ് കനത്ത പോലീസ് സംരക്ഷണത്തില്‍ ഭാര്യ സീമയെ കാണാന്‍ സിസോദിയ എത്തിയത്. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ഏഴുമണിക്കൂര്‍ സമയമാണ് ഭാര്യയെ കാണാന്‍ സിസോദിയക്ക് അനുവദിച്ചത്. ഡല്‍ഹി റോസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജി എം.കെ. നാഗ്പാലിന്റേതാണ് നടപടി.

മദ്യനയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ തിഹാര്‍ ജയിലിലാണ് സിസോദിയ കഴിയുന്നത്. സി.ബി.ഐയും ഇ.ഡിയും അറസ്റ്റു ചെയ്ത സിസോദിയക്ക് ഈ രണ്ടു കേസുകളിലും ജാമ്യം നിഷേധിച്ചിരുന്നു. മുമ്പും ഭാര്യയെ കാണാന്‍ സിസോദിയയെ അനുവദിച്ചിരുന്നു. എന്നാല്‍ സിസോദിയ എത്തുംമുമ്പേ ആരോഗ്യനില വഷളായ സീമയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാല്‍ കാണാനായില്ല. കൂടിക്കാഴ്ചക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.

ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ അസുഖങ്ങളുള്ള തന്റെ ഭാര്യയെ കാണാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് സിസോദിയ കോടതിയെ സമീപിച്ചത്.

 

 

Latest