Kerala
300 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ്: മന്ത്രി രാജേഷ്
കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി പരിധികളിലെ വീട് ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് സൗകര്യം.
തിരുവനന്തപുരം | കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി പരിധികളിലെ ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് വ്യക്തമാക്കി മന്ത്രി എം ബി രാജേഷ്. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം.
സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി. പല തലങ്ങളിലുള്ള പരിശോധന, കാലതാമസം, തടസങ്ങള്‍ എന്നിവക്കൊപ്പം അഴിമതിയും ഇതിലൂടെ ഇല്ലാതാക്കാനാകും.
കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാന്‍ തയാറാക്കുകയും സൂപ്പര്‍വൈസ് ചെയ്യുകയും ചെയ്യുന്ന ലൈസന്‍സി/ എംപാനല്‍ഡ് എന്‍ജിനീയര്‍മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭിക്കും.
തീരദേശ പരിപാലന നിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിട നിര്‍മാണമെന്നും കെട്ടിട നിര്‍മാണ ചട്ടം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയില്‍ നല്‍കണം. വിവരങ്ങള്‍ പൂര്‍ണവും യാഥാര്‍ഥവുമാണെങ്കില്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ.
യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് പെര്‍മിറ്റ് നേടിയതെന്ന് തെളിഞ്ഞാല്‍ പിഴ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കല്‍, എംപാനല്‍ഡ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ക്ക് വിധേയനാകേണ്ടി വരും.
കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി പരിധികളില്‍ നടപ്പാക്കുന്നതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തുകളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വസ്തുനികുതി വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍
നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി അഞ്ചു ശതമാനം വര്‍ധിപ്പിച്ചുകൊണ്ട് നിയമസഭ പാസാക്കിയ നിയമ ഭേദഗതി ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമായിരിക്കും.
അര്‍ഹതയുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇനി വസ്തുനികുതി അടയ്‌ക്കേണ്ടതില്ല. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബി പി എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ് നല്‍കിയിരുന്നത്. ഇളവ് ഫ്‌ളാറ്റുകള്‍ക്ക് ബാധകമല്ല.