Kerala
സ്വകാര്യ ബസിടിച്ച് മരണം സംഭവിച്ചാല്‍ പെര്‍മിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കും: മന്ത്രി ഗണേഷ് കുമാര്‍
എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം. ഇതിന് മാര്‍ച്ച് മാസം വരെ സമയം നല്‍കും.
തിരുവനന്തപുരം | സ്വകാര്യ ബസ് ഇടിച്ച് മരണം സംഭവിച്ചാല്‍ ബസിന്റെ പെര്‍മിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍. പുതിയ നയങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് ബസ് ഉടമകളുമായി ചര്‍ച്ച നടത്തുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും എന്‍ ഒ സി നിര്‍ബന്ധമാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ഘട്ടം ഘട്ടമായി പരിശീലനം നല്‍കും. ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് വെക്കും. സമയം തെറ്റി ഓടുന്നത് തടയാന്‍ സ്വകാര്യ ബസുടമകളെ തന്നെ ചുമതലപ്പെടുത്തും.
പെര്‍മിറ്റില്‍ നല്‍കിയ സമയം മുഴുവന്‍ ബസ് ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കും. എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം. ഇതിന് മാര്‍ച്ച് മാസം വരെ സമയം നല്‍കും. ബസുകളെ കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പറയാന്‍ ബസില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി വെക്കണമെന്നും മന്ത്രി പറഞ്ഞു.