adoption case
പേരൂര്‍ക്കട ദത്ത് വിവാദം; വകുപ്പ്തല അന്വേഷണം പൂര്‍ത്തിയായി
സി ഡബ്ല്യു സിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തെ ഗുരുതര വീഴ്ചകള്‍ അന്വേഷണ റിപ്പോര്‍ട്ടിലുള്ളതായി വിവരം
തിരുവനന്തപുരം | പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ വകുപ്പ്തല അന്വേഷണം പൂര്‍ത്തിയായി. ദത്ത് നല്‍കിയതില്‍ സി ഡബ്ല്യു സിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്ത് വന്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
കൂടാതെ ഏപ്രില്‍ 22ന് സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാന്‍ സി ഡബ്ല്യു സി ഇടപെട്ടില്ല. അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സി ഡബ്ല്യു സി പോലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച രേഖകളും വകുപ്പുതല അന്വേഷണത്തില്‍ കിട്ടിയിട്ടുണ്ട്.
പിതാവ് ജയചന്ദ്രനും കൂട്ടാളികളും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നല്‍കിയിട്ടും നാല് മാസം പേരൂര്‍ക്കട പോലീസ് ഒന്നും ചെയ്തിരുന്നില്ല. കൂടാതെ അനുപമ കുഞ്ഞിനായി അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികള്‍ തുടര്‍ന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും വീഴചപറ്റി. ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് 18 മിനുട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദക്കെതിരേയും ആരോപണമുണ്ട്.