Machu Picchu
ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ മാച്ചു പിച്ചു വിനോദസഞ്ചാര കേന്ദ്രം പെറു അടച്ചു
വിദേശികളടക്കം നൂറുകണക്കിന് പേര്‍ കോട്ടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ലിമ | ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രവും പുതിയ സപ്ത ലോകാത്ഭുങ്ങളിലൊന്നുമായ മാച്ചു പിച്ചു ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പെറു സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. പര്‍വത മേഖലയില്‍ 15ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഇന്‍കാ കോട്ടയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടേക്കുള്ള ഇന്‍കാ മലകയറ്റവും നിരോധിച്ചിട്ടുണ്ട്.
പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്ന് വിദേശികളടക്കം നൂറുകണക്കിന് പേര്‍ കോട്ടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മാച്ചു പിച്ചുവിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വ്യാഴാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. റെയില്‍വേ ട്രാക്കുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചതായി ആരോപണമുണ്ട്.
417 വിനോദസഞ്ചാരികളാണ് മാച്ചു പിച്ചുവില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ടൂറിസം മന്ത്രി ലൂയിസ് ഫെര്‍ണാണ്ടോ ഹെല്‍ഗ്യുറോ പറഞ്ഞു. പുതിയ പ്രസിഡന്റ് ഡിന ബൊലുറെത് അധികാരമേറ്റത് മുതലാണ് പ്രക്ഷോഭം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇടതുപക്ഷക്കാരനായ മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ ജയില്‍ മോചിതനാക്കണമെന്നും ആവശ്യമുണ്ട്.