Articles
യുദ്ധക്കുറ്റത്തെ വെള്ളപൂശാന്‍ പെരും നുണകളോ?
തങ്ങളുടെ നിഷ്ഠൂരമായ ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഉത്തരവാദികള്‍ അതിനിരയായവര്‍ തന്നെയാണെന്ന പ്രചാരണം പതിവ് സയണിസ്റ്റ് തന്ത്രമാണ്. പെരും നുണകളിലൂടെ തങ്ങള്‍ ഫലസ്തീനികള്‍ക്ക് നേരേ തുടരുന്ന മഹാ പാതകങ്ങളെ ന്യായീകരിക്കുകയെന്നതാണ് പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂരിയന്‍ മുതല്‍ നെതന്യാഹു വരെയുള്ളവരുടെ തന്ത്രം. ബ്ലെയിമിംഗ് വിക്ടിംസ് എന്ന ഈ സയണിസ്റ്റ് തന്ത്രമാണ് കഴിഞ്ഞ 75 വര്‍ഷക്കാലമായി ഇസ്‌റാഈല്‍ രാഷ്ട്രം തുടരുന്നത്.
ഗസ്സയെ സമ്പൂര്‍ണമായി സംഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്‌റാഈല്‍ ആകാശത്ത് നിന്നും കരയില്‍ നിന്നും ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ഒക്ടോബര്‍ 18ന് ഗസ്സയിലെ ആംഗ്ലിക്കല്‍ സഭ നടത്തുന്ന ആശുപത്രിക്ക് നേരേയുണ്ടായ വ്യോമ ബോംബാക്രമണം ഫലസ്തീനികളുടെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള സൈനിക നീക്കം തന്നെയാണ്. ഗസ്സയില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരേ ഇസ്‌റാഈല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 500ലേറെ പേരാണ് കൊല്ലപ്പെട്ടത്. യുദ്ധ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിനെതിരെ ഉയര്‍ന്നു വരുന്ന ലോകാഭിപ്രായങ്ങളെയും പ്രതിഷേധങ്ങളെയും മറികടക്കാന്‍ ബൈഡനും നെതന്യാഹുവും ഹമാസാണ് റോക്കറ്റാക്രമണം നടത്തിയെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗസ്സയില്‍ നിന്ന് തൊടുത്ത റോക്കറ്റാണ് ആശുപത്രിയില്‍ പതിച്ചതെന്നാണ് ഇസ്‌റാഈല്‍ സൈന്യവും നെതന്യാഹുവും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബൈഡനും ഈ നിലപാട് ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ആശുപത്രി പരിസരത്ത് ഹമാസ് താവളമുണ്ടെന്ന ധാരണയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുകയും നിരപരാധികളായ ഫലസ്തീനികളെ കുട്ടക്കൊല ചെയ്യുകയുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത് തന്നെയാണ് യു എന്നിലെ ഫലസ്തീന്‍ സ്ഥാനപതി റിയാദ് മന്‍സൂര്‍ നല്‍കുന്ന വിശദീകരണവും.
തങ്ങളുടെ നിഷ്ഠൂരമായ ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും ഉത്തരവാദികള്‍ അതിനിരയായവര്‍ തന്നെയാണെന്ന പ്രചാരണം പതിവ് സയണിസ്റ്റ് തന്ത്രമാണ്. പെരും നുണകളിലൂടെ തങ്ങള്‍ ഫലസ്തീനികള്‍ക്ക് നേരേ തുടരുന്ന മഹാ പാതകങ്ങളെ ന്യായീകരിക്കുകയെന്നതാണ് പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂരിയന്‍ മുതല്‍ നെതന്യാഹു വരെയുള്ളവരുടെ തന്ത്രം. ബ്ലെയിമിംഗ് വിക്ടിംസ് എന്ന ഈ സയണിസ്റ്റ് തന്ത്രമാണ് കഴിഞ്ഞ 75 വര്‍ഷക്കാലമായി ഇസ്‌റാഈല്‍ രാഷ്ട്രം തുടരുന്നത്. പെരും നുണകളിലൂടെ തങ്ങളുടെ അനീതികരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അധിനിവേശത്തിനും ന്യായം ചമക്കുകയും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിച്ച് നിര്‍ത്തുകയുമായിരുന്നു ഇസ്‌റാഈലിലെ സയണിസ്റ്റ് ഭരണകൂടം.
1948ല്‍ 14 ലക്ഷം ഫലസ്തീനികള്‍ അവിടെ താമസിക്കുന്ന കാലത്താണ് രാഷ്ട്രമില്ലാത്ത ജനതക്കായി ജനതയില്ലാത്ത രാജ്യമെന്ന പെരും നുണ പ്രചരിപ്പിച്ച് ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിച്ചത്. ഫലസ്തീനികളെ അവരുടെ ജന്മനാട്ടില്‍ അരിഞ്ഞു വീഴ്ത്തിയും അടിച്ചോടിച്ചുമാണ് ജൂത രാഷ്ട്രമുണ്ടാക്കിയത്.
ഫലസ്തീനികളുടെ ചോരപ്പുഴകള്‍ക്കും ശവക്കൂമ്പാരങ്ങള്‍ക്കും മുകളില്‍ പണിതുയര്‍ത്തിയ ഇസ്‌റാഈല്‍, എക്കാലത്തും തങ്ങള്‍ ഫലസ്തീനികളോട് ചെയ്ത അനീതികളെയും പാതകങ്ങളെയും ന്യായീകരിച്ചത് അവര്‍ ഭീകരരാണ്, അക്രമികളാണെന്ന് പ്രചാരണം നടത്തിക്കൊണ്ടാണ്. ഇരകളെ തന്നെ കുറ്റവാളികളാക്കുന്ന അതേ സയണിസ്റ്റ് തന്ത്രമാണ് ഗസ്സയിയെ ആശുപത്രി ആക്രമണത്തിലും നാം ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിക്ക് നേരേ നടന്ന ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള നരഹത്യയാണത്. മരണപ്പെട്ടവരേക്കാള്‍ എത്രയോ ഇരട്ടിയാണ് പരുക്ക് പറ്റിയവര്‍. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടു പോയവരില്‍ എത്ര പേര്‍ക്ക് ജീവനുണ്ടാകാമെന്നൊന്നും പറയാനാകാത്ത അവസ്ഥയാണ്.
തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെ വംശീയമായി തന്നെ ഉന്മൂലനം ചെയ്യുകയെന്ന യു എസ് സയണിസ്റ്റ് തന്ത്രമാണ് ഫലസ്തീനികളെയിന്ന് സംഹരിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനും ജന്മനാടിനും വേണ്ടി പോരാടുന്നവരെ ഭീകരവാദികളാക്കി അവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള യുദ്ധതന്ത്രമാണ് അമേരിക്കയും ഇസ്‌റാഈലും സ്വീകരിച്ചിരിക്കുന്നത്. മാനവികതക്കെതിരായ സാമ്രാജ്യത്വ നൃശംസതകളെ മുഴുവന്‍ ഭീകരതയെ ഇല്ലാതാക്കാനുള്ള യുദ്ധമെന്ന നിലയില്‍ ന്യായീകരിക്കുകയാണവര്‍.
ഗസ്സക്ക് നേരേ നടക്കുന്ന നിഷ്ഠൂരമായ യുദ്ധത്തിനെതിരായി ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും മറികടക്കാനും ഗസ്സയില്‍ തങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന നരവേട്ടക്ക് സമ്മതിയുണ്ടാക്കാനുമാണല്ലോ 40 പിഞ്ചു കുഞ്ഞുങ്ങളെ ഹമാസ് തലയരിഞ്ഞു തള്ളിയെന്ന കൊടും നുണ സി എന്‍ എന്‍ പ്രചരിപ്പിച്ചത്. വാസ്തവവുമായി യാതൊരു വിധ ബന്ധവുമില്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഫലസ്തീനികള്‍ക്കെതിരെ ലോകാഭിപ്രായം സൃഷ്ടിക്കാനാണല്ലോ സി എന്‍ എന്‍ വഴി ക്ഷുദ്ര വികാരമുണര്‍ത്തുന്ന വ്യാജ വാര്‍ത്തകള്‍ അവര്‍ പ്രചരിപ്പിച്ചത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുന്ന ദൃശ്യങ്ങള്‍ കണ്ട് ആനന്ദനൃത്തം ചവിട്ടുന്ന ഫലസ്തീന്‍ മുസ്‌ലിം സ്ത്രീയുടെ ദൃശ്യങ്ങള്‍ സി എന്‍ എന്‍ സംപ്രേഷണം ചെയ്തത് മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നല്ലോ. പിന്നീട് അതു സംബന്ധമായ അന്വേഷണത്തില്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചക്ക് മുമ്പ് ഫലസ്തീനിലെ ഒരു ആഘോഷത്തിനിടയില്‍ പാട്ട് പാടി ചുവട് വെക്കുന്ന സ്ത്രീയുടെ വീഡിയോ ദുരുപയോഗം ചെയ്ത് സി എന്‍ എന്‍ വ്യാജ ദൃശ്യം നിര്‍മിക്കുകയായിരുന്നുവെന്ന് വെളിവായി.
ചികിത്സയും അഭയവും തേടിയെത്തിയവരാണ് ആശുപത്രിയിലുള്ളതെന്ന വിവേചനബുദ്ധി പോലും വംശീയവെറിയും യുദ്ധോത്സുകതയും നയിക്കുന്ന ഇസ്‌റാഈലിന് നഷ്ടപ്പെട്ടു പോകുകയാണ്. സാധാരണ മനുഷ്യരെ കൊന്നൊടുക്കുന്നവര്‍, യുദ്ധങ്ങള്‍ക്ക് പോലും നിയമങ്ങളുണ്ടെന്നും അത് പാലിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഓരോ രാജ്യത്തെയും ഉത്തരവാദിത്വപ്പെടുത്തിയിട്ടുണ്ടെന്നും വംശീയ വിദ്വേഷ ഭ്രാന്തില്‍ മറന്നുകളയുകയാണ്. പരിഷ്‌കൃത സമൂഹങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ ആശുപത്രികളില്‍ ബോംബിട്ട് മനുഷ്യഹത്യ നടത്തുന്ന ഒരു രാഷ്ട്രത്തിന്റെയും ചെയ്തികളെ അംഗീകരിക്കാനോ ന്യായീകരിക്കാനോ ആകില്ല.
ഇന്ത്യയിലെ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഇസ്‌റാഈല്‍ അനുകൂല നിലപാട് അങ്ങേയറ്റം അപലപനീയവും കുറ്റകരവുമാണ്. ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന അനീതികളോടും പാതകങ്ങളോടും കൂട്ടുകൂടുന്നവര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണ്. ഇസ്‌റാഈല്‍ ഒരു ടെററിസ്റ്റ് സ്റ്റേറ്റാണെന്നും അതിന്റെ ജന്മം മുതല്‍ ഇന്ന് വരെ അത് നിരവധി സാര്‍വ ദേശീയ പാതകങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കാണണം. ഗാന്ധിയും നെഹ്‌റുവും സ്വീകരിച്ച ഫലസ്തീന്‍ നിലപാട് കളഞ്ഞു കുളിച്ച് സയണിസ്റ്റുകളുമായി ചേര്‍ന്ന റാവു മുതല്‍ മോദി വരെയുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ ലോകത്തിന് മുന്നില്‍ ഫലസ്തീന്റെ ചോരക്കറ സ്വയം വാരിപ്പൂശുകയാണ് ചെയ്തത്.
ഗസ്സയിലെ ആശുപത്രിയിലെ നരഹത്യ ഒരു യുദ്ധക്കുറ്റമാണ്. ഇസ്‌റാഈല്‍ ഒരു യുദ്ധക്കുറ്റവാളിയും. ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടവയാണ്. എന്നാല്‍ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കു മേല്‍ മരണം വാരിവിതറിക്കൊണ്ടിരിക്കുന്നത്.