Connect with us

Kerala

പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെടാന്‍ കാരണം ഡ്രൈവറുടെ അശ്രദ്ധ; എംവിഡി

എംസി റോഡിലെ തിരക്കേറിയ ജംഗ്ഷനില്‍ രാത്രിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം വെളിച്ചക്കുറവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Published

|

Last Updated

കൊച്ചി| എറണാകുളം പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം വെളിച്ച കുറവാണെന്ന് നാട്ടുകാര്‍. തിരക്കേറിയ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ 2.15നാണ് എംസി റോഡിലെ സിഗ്‌നല്‍ ജംഗ്ഷനില്‍ അപകടമുണ്ടായത്.

പെരുമ്പാവൂരില്‍ കോളജ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര്‍ക്കാണ് പരിക്കേറ്റത്.. സാരമായി പരിക്കേറ്റ നാല് പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടോട്ടി ഇഎംഇഎ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്കു് പോയി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു.

മൂന്നാറില്‍ നിന്ന് വന്ന ബസ് എംസി റോഡിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് തൊടുപുഴയിലേക്ക് ചരക്കുമായി എതിരെനിന്നും വന്ന ലോറി ഇടിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞു. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും പരിക്ക് സാരമുള്ളതാണ് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്കും പരിക്കുണ്ട്.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, എംസി റോഡിലെ തിരക്കേറിയ ജംഗ്ഷനില്‍ രാത്രിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം വെളിച്ചക്കുറവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞിട്ട് മാസങ്ങളായെന്നും നാട്ടുകാരനായ എസ്ബി പ്രകാശ് പറഞ്ഞു.

 

 

 

 

 

Latest