National
പതഞ്ജലിയുടെ മുളക്‌പൊടിയില്‍ കീടനാശിനി; വിപണിയില്‍ നിന്നു തിരിച്ചു വിളിക്കുന്നു
പായ്ക്ക് ചെയ്ത നാല് ടണ്‍ ചുവന്ന മുളകുപൊടിയിലാണ് വന്‍തോതില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനാല്‍ തിരിച്ചുവിളിച്ചത്
ന്യൂഡല്‍ഹി | പതഞ്ജലിയുടെ മുളക്‌പൊടിയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ വന്‍തോതില്‍ കീടനാശിനി അവശിഷ്ടം കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പതഞ്ജലി മുളക്‌പൊടി വിപണികളില്‍ നിന്ന് തിരിച്ചുവിളിച്ചു. എ ജെ ഡി ഇസെഡ് 2400012 എന്ന ബാച്ചിലെ മുഴുവന്‍ ഉത്പന്നങ്ങളുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. പായ്ക്ക് ചെയ്ത നാല് ടണ്‍ ചുവന്ന മുളകുപൊടിയിലാണ് വന്‍തോതില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനാല്‍ തിരിച്ചുവിളിച്ചത്. ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതില്‍ കൂടുതല്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.
മുളകുപൊടി വിതരണം ചെയ്തവരെ കീടനാശിനി സാന്നിധ്യം അറിയിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് വിവരം എത്തിക്കാന്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി സി ഇ ഒ സഞ്ജീവ് അസ്താന പറഞ്ഞു. ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്ത് തിരികെ നല്‍കാനും മുഴുവന്‍ റീ ഫണ്ടും അവകാശപ്പെടാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ 1986-ല്‍ സ്ഥാപിതമായ ആയുര്‍വേദ ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്സ് 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8,198.52 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കിയിരുന്നു.