National
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജി; സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരും
ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് പസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ച് നിര്‍ണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നല്‍കിയിരുന്നു.
ഹിന്ദു സ്ഥാപനങ്ങളില്‍ മുസ്്‌ലിംകളെ ഉള്‍പ്പെടുത്തുമോ എന്ന് കോടതി ചോദിച്ചിരുന്നു. വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്ലിംങ്ങള്‍ തന്നെയാകണം എന്നു കോടതി നിലപാടെടുത്തു. തര്‍ക്കങ്ങളില്‍ കലക്ടര്‍മാര്‍ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി എതിര്‍ത്തിരുന്നു.
അന്വേഷണം നടത്താന്‍ തടസ്സമില്ലെന്നും എന്നാല്‍ വഖഫ് സ്വത്തിന്റെ സ്വഭാവം കേസില്‍ അന്തിമ തീര്‍പ്പുവരുന്നതു വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.