neet pg
നീറ്റ് പി ജി സാമ്പത്തിക സംവരണത്തിനെതിരായ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
നീറ്റ് പി ജി കൗണ്‍സിലിംഗില്‍ സുപ്രീംകോടതി നിലപാട് നിര്‍ണായകമാകും
ന്യൂഡല്‍ഹി | അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്തള്ള പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നീറ്റ് പി ജി കൗണ്‍സിലിംഗ് വൈകുന്നതില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
റസിഡന്റ് ഡോക്ടര്‍മാരുടെ ആശങ്കകള്‍ ന്യായമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പി ജി കൗണ്‍സിലിംഗില്‍ സുപ്രീംകോടതി നിലപാട് നിര്‍ണായകമാകും. ഈ അധ്യയന വര്‍ഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്നും എട്ട് ലക്ഷം രൂപയെന്ന വാര്‍ഷിക വരുമാന പരിധി നിലനിര്‍ത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്നംഗ ഉന്നത സമിതിയുടെ 90 പേജുള്ള റിപ്പോര്‍ട്ട് കേന്ദ്രം കോടതിക്ക് കൈമാറിയിട്ടുണ്ട്. മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയില്‍ പത്ത് ശതമാനം സംവരണമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു.