Wrestling Federation of India
ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
ഇന്നലെ അർധ രാത്രിയോടെ പ്രതിഷേധം നടത്തുന്ന താരങ്ങള്‍ക്കെതിരെ പോലീസ് അതിക്രമം കാട്ടിയിരുന്നു.

ന്യൂഡല്‍ഹി| ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ) മേധാവിയും ബി ജെ പി പാര്‍ലിമെന്റംഗവുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍. ലൈംഗിക പീഡന പരാതികളാണ് ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയത്. ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒളിംപിക് മെഡലുകള്‍ അടക്കം നേടിയ രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ 12 ദിവസമായി ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തുന്നുണ്ട്.
തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ആറ് തവണ എം പിയായിട്ടുള്ള ബ്രിജ് ഭൂഷണ്‍. ഇന്നലെ അർധ രാത്രിയോടെ പ്രതിഷേധം നടത്തുന്ന താരങ്ങള്‍ക്കെതിരെ പോലീസ് അതിക്രമം കാട്ടിയിരുന്നു. പോലീസ് അതിക്രമത്തിൽ രണ്ട് താരങ്ങളുടെ തലക്ക് പരുക്കേറ്റു. പല താരങ്ങൾക്കും ലാത്തിയടി കിട്ടി. മദ്യപിച്ചെത്തിയ പോലീസുകാരാണ് അടിച്ചത്.
പോലീസ് നടപടിക്കു പിന്നാലെ താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞു. സമരത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും വേണമെന്ന് ബജ്‌റംഗ് പുനിയ അഭ്യര്‍ഥിച്ചു. എല്ലാവരും ഡല്‍ഹിയിലേക്കു വരൂ എന്നും താരം ആഹ്വാനം ചെയ്തു.