Kerala
അന്‍വറിന്റെ ആലുവയിലെ കെട്ടിടം പൊളിക്കണമെന്ന ഹരജി; പിവീസ് റിയല്‍ട്ടേഴ്‌സിനെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി
കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് എടത്തല പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

കൊച്ചി|മുന്‍ എം എല്‍ എ പിവി അന്‍വറിന്റെ കൈവശമുള്ള ആലുവ എടത്തലയിലെ പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹരജിയില്‍ അന്‍വറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയല്‍ട്ടേഴ്‌സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി. നാവിക ആയുധ സംഭരണ ശാലയോട് ചേര്‍ന്നാണ് അന്‍വറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി എത്തിയത്. കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് എടത്തല പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പാട്ടാവകാശം മാത്രമുള്ള ഭൂമി അന്‍വര്‍ കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം. സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.