Connect with us

National

ബി ബി സി ഡോക്യുമെന്ററിക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ സമയം പാഴാക്കും: കിരൺ റിജിജു

മന്ത്രിയുടെ പ്രസ്ഥാവന ബിബിസി പരമ്പരയുടെ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യുന്നത് തടഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികള്‍ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ

Published

|

Last Updated

ന്യൂഡല്‍ഹി | ബി ബി സി ഡോക്യുമെന്ററി നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ സമയം പാഴാക്കുമെന്നാരോപിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ബിബിസി പരമ്പരയുടെ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യുന്നത് തടഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികള്‍ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്ഥാവന.

‘ആയിരക്കണക്കിനുവരുന്ന സാധാരണ മനുഷ്യര്‍ നീതിക്കായി കാത്തിരിക്കുകയും തീയതികള്‍ തേടുകയും ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ സമയം അവര്‍ ഇങ്ങനെ പാഴാക്കുകയാണ്’ എന്നാണ് റിജിജുവിന്റെ ട്വീറ്റ്.

ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ എടുത്തുകളയണമെന്ന ഉത്തരവിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവര്‍ നല്‍കിയ പ്രത്യേക ഹര്‍ജിയും ഈ ആഴ്ച അവസാനം കോടതി പരിഗണിക്കാനിരിക്കുകയാണ്.

നിരോധനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഡോക്യുമെന്ററിയുടെ പൊതു പ്രദര്‍ശനം സംഘടിപ്പിച്ചിരിന്നു. പല കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുമായും പോലീസുമായും ഏറ്റുമുട്ടി.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ തുടര്‍ന്ന് 2012-ല്‍ മോദിയെ ഗുജറാത്ത് വംശഹത്യയിൽ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി കഴിഞ്ഞ വര്‍ഷം കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാൽ വംശഹത്യയിൽ നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററി കഴിഞ്ഞ ദിവസങ്ങളിൽ ബി ബി സി പുറത്തുവിടുകയായിരുന്നു.

Latest