National
വഖഫ് നിയമഭേദഗതിക്ക് എതിരായ ഹർജികൾ തള്ളണം; നിയമഭേദഗതി സ്റ്റേ ചെയ്യരുത്: സുപ്രീം കോടതിയിൽ കേന്ദ്രം
സുപ്രീം കോടതിയിൽ സമർപ്പിച്ച 1,332 പേജുള്ള പ്രാഥമിക എതിർ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

ന്യൂഡൽഹി | വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നിയമത്തിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും അതിനാൽ അതിന്മേൽ സ്റ്റേ പാടില്ലെന്നും സർക്കാർ പറഞ്ഞു. സുപ്രീം കോടതിയിൽ സമർപ്പിച്ച 1,332 പേജുള്ള പ്രാഥമിക എതിർ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
സത്യവാങ്മൂലത്തിൽ വിവാദ നിയമത്തെ സർക്കാർ ന്യായീകരിച്ചു. 2013 ന് ശേഷം “ഞെട്ടിക്കുന്ന” രീതിയിൽ 20 ലക്ഷത്തിലധികം ഹെക്ടർ (കൃത്യമായി 20,92,072.536) വഖഫ് ഭൂമിയിൽ വർദ്ധനവുണ്ടായതായി സത്യവാങ്മൂലത്തിൽ പറയുന്നു. മുഗൾ ഭരണത്തിന് മുൻപും, സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമായി ഇന്ത്യയിൽ ആകെ 18,29,163.896 ഏക്കർ ഭൂമിയാണ് വഖഫ് സ്വത്തായി ഉണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ, സർക്കാർ സ്വത്തുക്കൾ കൈയേറാൻ മുൻകാല നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും സർക്കാർ വാദിച്ചു.
പ്രധാന രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളുള്ള ഒരു പാർലമെന്ററി പാനൽ വളരെ സമഗ്രവും ആഴത്തിലുള്ളതുമായ പഠനം നടത്തിയതിന് ശേഷമാണ് ഭേദഗതികൾ വരുത്തിയതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഈ നിയമം സാധുതയുള്ളതും നിയമപരമായ അധികാരം ഉപയോഗിച്ച് നടപ്പാക്കിയതുമാണെന്നും നിയമനിർമ്മാണസഭ പാസാക്കിയ നിയമപരമായ വ്യവസ്ഥയെ മാറ്റുന്നത് അനുവദനീയമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഷെർഷാ സി ഷെയ്ഖ് മൊഹിദ്ദീൻ ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മെയ് 5 ന് കേസ് പരിഗണിക്കും.