National
പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും; കേന്ദ്രം എക്‌സൈസ് തീരുവ രണ്ട് രൂപ കൂട്ടി
ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂഡല്‍ഹി | പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. ലിറ്ററിന് നേരത്തേ കുറച്ച രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരോ ലിറ്ററിനും രണ്ട് രൂപ അധിക വരുമാനം കേന്ദ്രത്തിന് ലഭിക്കും. വില വര്‍ധന ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണമെങ്കിലും സമീപ ഭാവിയില്‍ തന്നെ വില വര്‍ധിച്ചേക്കും.
പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് ഇപ്പോഴത്തെ എക്സൈസ് തീരുവ. വർധനവിന് ശേഷമിത് പെട്രോളിന് 21.90 രൂപയും ഡീസലിന് 17.80 രൂപയുമാകും. ഇന്ന് അര്‍ധ രാത്രി മുതലാണ് പുതുക്കിയ നിരക്ക് നടപ്പിലാക്കുക
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഇതിന്റെ ആനുകൂല്യം എണ്ണക്കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല. തത്കാലം നിലവിലെ വിലയില്‍ ചില്ലറ വില്‍പ്പന തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില കയറുമ്പോള്‍ എക്‌സൈസ് തീരുവ ഉള്‍പ്പെടെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ വിലക്കിഴിവ് ഉപയോക്താക്കൾക്ക് ലഭിക്കില്ലെന്ന് ഉറപ്പായി.
ഏറ്റവും അവസാനമായി കേന്ദ്രം പെട്രോൾ, ഡീസൽ വില കുറച്ചത് കഴിഞ്ഞ വർഷം മാർച്ച് 15നായിരുന്നു.