Kerala
പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തം
രാത്രി പമ്പില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മനോഹരനെ പിന്തുടര്‍ന്ന സംഘം കാറില്‍ തട്ടികൊണ്ട് പോയി
തൃശൂര്‍ | കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ പമ്പുടമ മനോഹരനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ പ്രതികള്‍ക്ക് കോടതി ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും മനോഹരന്റെ ഭാര്യക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയിലുണ്ട്.
2019 ഒക്ടോബര്‍ 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികളായ കയ്പമംഗലം സ്വദേശി കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയൊ എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷിച്ചത്.കൊലപാതകത്തിന് പുറമെ തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, തെളിവ് നശിപ്പിക്കല്‍ എന്നി വകുപ്പുകളിലും ശിക്ഷ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടിയ ശിക്ഷയായ ജീവപര്യന്തം അനുഭവിച്ചാല്‍ മതി.
രാത്രി പമ്പില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മനോഹരനെ പിന്തുടര്‍ന്ന സംഘം കാറില്‍ തട്ടികൊണ്ട് പോയി. പണം കവരാന്‍ ശ്രമിച്ചെങ്കിലും മനോഹരന്റെ പക്കല്‍ ആകെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ ഹാജരായി.