pfi hartal
പി എഫ് ഐ ഹര്‍ത്താല്‍; നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം
ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി
കൊച്ചി | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലുണ്ടായ ആക്രമണത്തില്‍ നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂവെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിര്‍ദേശം.
പി എഫ് ഐ അഞ്ച് കോടി കെട്ടിവെക്കണം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹരം വാങ്ങണം. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ എല്ലാ ആക്രമണങ്ങളിലും പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ പേരില്‍ കേസെടുക്കണമെന്നും ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഉത്തരവിടുമെന്നും കോടതി അറിയിച്ചു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് 414 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.