pfi hartal
പി എഫ് ഐ ഹര്‍ത്താല്‍: ജപ്തി നടപടികള്‍ പൂര്‍ത്തിയായി
150 ഓളം നേതാക്കളുടെയും ഭാരവാഹികളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
തിരുവനന്തപുരം | ഹര്‍ത്താല്‍ അക്രമ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളിലായി 150 ഓളം നേതാക്കളുടെയും ഭാരവാഹികളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്നലെ ജപ്തി നടപടികള്‍ നടന്നത്. വൈകുന്നേരത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം, ഹര്‍ത്താല്‍ അക്രമ കേസില്‍ കുറ്റവാളികളായ പലര്‍ക്കും സ്വന്തമായി വസ്തുവകകളില്ലെന്ന് പരിശോധനയില്‍ റവന്യു ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമായിരുന്നു ജപ്തി നടപടികള്‍. കോഴിക്കോട് ജില്ലയില്‍ 23 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ എട്ട് പേരുടെ സ്വത്തുക്കളും ഇന്നലെ കണ്ടുകെട്ടി. ഇതിനിടെ മലപ്പുറത്ത് ആള് മാറി മുസ്ലിം ലീഗ് നേതാവിൻ്റെ വസ്തു ജപ്തി ചെയ്‌തെന്ന് പരാതിയുയര്‍ന്നു. മുസ്സിം ലീഗ് നേതാവും എടരിക്കോട് അഞ്ചാം വാര്‍ഡ് മെമ്പറുമായ സി ടി അശ്റഫിന്റെ ഭൂമി ജപ്തി ചെയ്‌തെന്നാണ് പരാതി.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഹര്‍ത്താലിലെ നാഷനഷ്ടങ്ങളില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പി എഫ് ഐ നേതാക്കള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം ഇന്നലെ അഞ്ച് മണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജപ്തി നടപടികള്‍ ഉണ്ടായത്. ജപ്തി നടപടികളില്‍ ഉടനെ കലക്ടര്‍മാര്‍ സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കും. ഇത് സര്‍ക്കാര്‍ കോടതിയിലേക്ക് കൈമാറും.
ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്. ഇതുപ്രകാരം നാളെ സര്‍ക്കാര്‍ റിപോര്‍ട്ട് കോടതിക്ക് നല്‍കും. 24നാണ് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,992 പേരെ അറസ്റ്റ് ചെയ്യുകയും 687 പേരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ 5.20 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകള്‍.