Kerala
പി ജി മനുവിന്റെ ആത്മഹത്യ: പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളായിരുന്നു

കൊല്ലം | മുന്‍ ഗവ. പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ പി ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഇയാളുടെ നിരന്തരസമ്മര്‍ദത്തിലാണ് മനു തൂങ്ങിമരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളായിരുന്നു. സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ 13നാണ് കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയ മനുവിനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന മനു നിയമസഹായം തേടിയെത്തിയ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. കേസില്‍ ജാമ്യത്തിലായിരുന്നു മനു.