Editors Pick
ഘട്ടംഘട്ടമായി മദ്യവർജനം: ഇടതു പ്രകടന പത്രികയും മദ്യനയവും പരസ്പരവിരുദ്ധം
പുതുതായി തുടങ്ങിയത് 254 ബാറുകളും 62 ബിയർ പാർലറുകളും
തിരുവനന്തപുരം | എൽ ഡി എഫ് സർക്കാറിന്റെ പ്രകടന പത്രികയിലെ നിർദേശത്തിന് കടകവിരുദ്ധമായി പുതിയ മദ്യനയം. യു ഡി എഫ് സർക്കാറിന്റെ മദ്യനയത്തിൽ ഏറെ അവ്യക്തത നിലനിന്ന സാഹചര്യത്തിൽ ഭരണം പിടിച്ചെടുത്ത എൽ ഡി എഫ് പ്രകടന പത്രികയിൽ ഉന്നയിച്ച പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഘട്ടംഘട്ടമായ മദ്യവർജനം. എന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത് പ്രകടന പത്രികയിലെ നിർദേശത്തിന് നേർ വിപരീതമായിരുന്നു.
മദ്യവർജന നയത്തിനിടയിലും 254 ബാറുകളും 62 ബിയർ വൈൻ പാർലറുകളുമാണ് പിണറായി സർക്കാറിന്റെ കാലത്ത് പുതുതായി സംസ്ഥാനത്ത് ആരംഭിച്ചത്. 2016-21 കാലഘട്ടത്തിൽ 200 പുതിയ ബാറുകൾക്ക് ഒന്നാം പിണറായി സർക്കാർ അനുമതി നൽകി. 51 ബിയർ–വൈൻ പാർലറുകളും ഇക്കാലത്ത് പുതുതായി ആരംഭിച്ചു. തുടർന്ന് 2021-23ൽ 54 ബാറുകളും 11 ബിയർ വൈൻ പാർലറുകളും പുതുതായി ആരംഭിച്ചു.
കൺസ്യൂമർഫെഡിന് 44 ഔട്ട്‌ലറ്റുകളും മൂന്ന് ബിയർ വൈൻ പാർലറുകളുമുണ്ട്. യു ഡി എഫ് സർക്കാറിന്റെ കാലത്ത് 49 ഔട്ട്‌ലറ്റുകളാണ് പ്രവർത്തിച്ചിരുന്നത്. മദ്യനയത്തിന്റെ ഭാഗമായി പത്തെണ്ണം നിർത്തലാക്കിയിരുന്നു. ഇതിൽ അഞ്ചെണ്ണമാണ് പുനരാരംഭിച്ചത്. ശേഷിക്കുന്ന അഞ്ചെണ്ണത്തിന് കൂടി പ്രവർത്തനാനുമതി നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് 2022 നവംബർ വരെ മൂന്ന് ബിവറേജസ് ഔട്ട്‌ലറ്റുകൾക്കാണ് പുതുതായി അനുമതി നൽകിയത്. പിന്നീട് അനുമതി ലഭിച്ച 78 ഔട്ട്‌ലറ്റുകളിൽ ചിലത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം 2016നു ശേഷം കൺസ്യൂമർഫെഡ് അഞ്ച് ഔട്ട്‌ലറ്റുകൾ പുതുതായി തുടങ്ങി. നിലവിൽ 721 ബാറുകളും 306 ബിവറേജസ് ഔട്ട്‌ലറ്റുകളുമാണ് സംസ്ഥാനത്തുള്ളത്.
2022 ഒക്‌ടോബറിൽ 78 ബിവറേജസ് ഔട്ട്‌ലറ്റുകൾ തുടങ്ങാൻ അനുമതി നൽകിയതിൽ ചിലയിടങ്ങളിൽ പുതിയ ഷോപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
372 ത്രീസ്റ്റാർ, 282 ഫോർ സ്റ്റാർ, 49 ഫൈവ് സ്റ്റാർ, 18 ഹെറിറ്റേജ് ബാറുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഒരു സീമെൻ മറൈൻ ക്ലബ് കൊച്ചിയിൽ പ്രവർത്തിക്കുന്നു.
44 ക്ലബുകൾക്ക് ബാർ ലൈസൻസുണ്ട്. അഞ്ച് എയർപോർട്ട് ലോഞ്ചുകളിലും 41 മിലിട്ടറി കാന്റീനുകളിലും ആറ് പാരാ മിലിട്ടറി കാന്റീനുകളിലും 26 വെയർഹൗസുകളിലും 295 ബിയർവൈൻ പാർലറിലും മദ്യം വിതരണം ചെയ്യുന്നുണ്ട്. യു ഡി എഫ് സർക്കാറിന്റെ അവസാനകാലത്ത് പാർട്ടിക്കുള്ളിലെ തർക്കവും മറ്റും മൂലം ബാറുകൾ അടച്ചുപൂട്ടിയതോടെ 29 പഞ്ചനക്ഷത്ര ബാറുകൾ മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന നയത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതോടെ 813 ബാറുകളിൽ വിൽപ്പന ബിയറും വൈനും മാത്രമായി ചുരുങ്ങി.
എന്നാൽ എൽ ഡി എഫ് 2016ൽ അധികാരത്തിലെത്തിയതോടെ മദ്യനയത്തിൽ കാതലായ മാറ്റംവരുത്തി ത്രീ സ്റ്റാർ ഹോട്ടലുകൾ മുതൽ മുകളിലോട്ടുള്ളവക്ക് മദ്യവിതരണത്തിന് അനുമതി നൽകി. ഇതനുസരിച്ച് പഴയ ലൈസൻസുള്ള 438 ബാറുകളിൽ മദ്യം വിതരണം ചെയ്തു തുടങ്ങി.